Home Internationalഅമേരിക്കൻ സൈബർ സുരക്ഷാ മേധാവി രാജിവെച്ചു; ട്രംപ് ഭരണകൂടത്തിൽ വീണ്ടും ഉന്നതതല അഴിച്ചുപണി

അമേരിക്കൻ സൈബർ സുരക്ഷാ മേധാവി രാജിവെച്ചു; ട്രംപ് ഭരണകൂടത്തിൽ വീണ്ടും ഉന്നതതല അഴിച്ചുപണി

by news_desk1
0 comments

വാഷിങ്ടൺ: അമേരിക്കയിലെ വിവിധ മേഖലകളിൽ തുടർച്ചയായ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ദേശീയ സൈബർ ഡയറക്ടർ സീൻ കെയിൻക്രോസ് രാജിവെച്ചു. ട്രംപ് ഭരണകൂടത്തിലെ വീണ്ടും ഉന്നതതല സ്ഥാനമാറ്റങ്ങൾക്ക് വഴിയൊരുക്കിയ രാജി വ്യാഴാഴ്ചയാണ് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചത്. വിമാനഗതാഗതം, ബാങ്കിങ് മേഖല, ദേശീയ സുരക്ഷാ സംവിധാനങ്ങൾ എന്നിവയെ ബാധിച്ച സാങ്കേതിക തടസ്സങ്ങൾക്കിടെയാണ് ഈ നീക്കം.

കെയിൻക്രോസിനെ സ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൂർണമായി പിന്തുണച്ചതായാണ് വൈറ്റ് ഹൗസുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. സൈബർ സുരക്ഷാ രംഗത്ത് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും യോഗ്യതയും കെയിൻക്രോസിന് ഇല്ലെന്ന വിലയിരുത്തലാണ് നടപടിക്ക് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്.

പ്രതിരോധ വകുപ്പിന്റെ ചീഫ് ഇൻഫർമേഷൻ ഓഫീസറായ കിർസ്റ്റൺ ഡേവീസ് താൽക്കാലിക ദേശീയ സൈബർ ഡയറക്ടറായി ചുമതലയേൽക്കും. സൈബർ സുരക്ഷാ രംഗത്തെ പരിചയവും യോഗ്യതയും കണക്കിലെടുത്താണ് ഡേവീസിനെ ചുമതല ഏൽപ്പിക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ.

ട്രംപ് ഭരണകൂടത്തിലെ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സൈബർ സുരക്ഷാ നയങ്ങളും തന്ത്രങ്ങളും ഏകോപിപ്പിക്കുകയാണ് ദേശീയ സൈബർ ഡയറക്ടറുടെ ഓഫീസിന്റെ പ്രധാന ചുമതല. നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട സുരക്ഷാ നയങ്ങൾ രൂപീകരിക്കുന്നതിലും കെയിൻക്രോസ് പ്രധാന പങ്കുവഹിച്ചിരുന്നു.

അതേസമയം, ഭരണകൂടത്തിലെ മറ്റ് വിഭാഗങ്ങളുമായി കെയിൻക്രോസിന് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ട്രഷറി വകുപ്പ് അമിതമായി ഇടപെടുന്നതായി കെയിൻക്രോസിന് പരാതിയുണ്ടായിരുന്നുവെന്നാണ് വിവരം. എന്നാൽ, ഈ വിഷയത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ കെയിൻക്രോസ് വേണ്ടത്ര വേഗം കാണിച്ചില്ലെന്നായിരുന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന്റെയും അനുയായികളുടെയും ആരോപണം.

കെയിൻക്രോസിന്റെ നയവിഭാഗം മേധാവിയായിരുന്ന തോമസ് ലിൻഡ് കഴിഞ്ഞ ജൂണിൽ പദവി ഒഴിഞ്ഞിരുന്നു. തുടർന്ന് ഒക്ടോബറിൽ ഓപ്പൺഎഐയുടെ ദേശീയ സുരക്ഷാ നയ വിഭാഗത്തിൽ സൈബർ, തന്ത്രപ്രധാന അപകടസാധ്യതകളുടെ മേധാവിയായി ചുമതലയേറ്റു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്കയിലെ വിവിധ മേഖലകളിൽ സൈബർ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള കമ്പനികളുടെ സേവനങ്ങൾ തടസ്സപ്പെട്ടതും വിമാനഗതാഗതം മണിക്കൂറുകളോളം നിർത്തിവെക്കേണ്ടിവന്നതും ബാങ്കിങ് മേഖലയിലുണ്ടായ തടസ്സങ്ങളും ഇതിൽപ്പെടുന്നു. ദേശീയ സുരക്ഷാ ഏജൻസിയായ എൻഎസ്എയുടെ ആഭ്യന്തര ശൃംഖലയിലും താൽക്കാലിക തടസ്സമുണ്ടായി. സംഭവങ്ങൾക്കു പിന്നിൽ സൈബർ ആക്രമണമാണോ എന്ന ആശങ്ക ഉയർന്നെങ്കിലും അറ്റകുറ്റപ്പണികളും സാങ്കേതിക മാറ്റങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്ത തകരാറുകളാണ് ഉണ്ടായതെന്നും ഏകോപിത സൈബർ ആക്രമണത്തിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മേധാവി ജെയ് ക്ലേറ്റൺ വ്യക്തമാക്കിയിരുന്നു.

സൈബർ സുരക്ഷാ രംഗത്തെ നിർണായക പദവികളിൽ കൂടുതൽ നിയമനങ്ങൾ നടത്താനുള്ള നീക്കത്തിലാണ് ട്രംപ് ഭരണകൂടമെന്നാണ് റിപ്പോർട്ടുകൾ. സൈബർ സുരക്ഷാ, അടിസ്ഥാനസൗകര്യ സുരക്ഷാ ഏജൻസിയുടെ (സിഐഎസ്എ) മേധാവിയായി ട്രംപ് നാമനിർദേശം ചെയ്ത മൈക്കൽ ലോസാപിയോയുടെ നിയമനവും നിലവിൽ സെനറ്റിന്റെ പരിഗണനയിലാണ്.

You may also like