Home Internationalഹോർമൂസിൽ വീണ്ടും എണ്ണക്കപ്പലിന് നേരെ ആക്രമണം

ഹോർമൂസിൽ വീണ്ടും എണ്ണക്കപ്പലിന് നേരെ ആക്രമണം

by news_desk1
0 comments

ടെഹ്‌റാൻ: ഹോർമൂസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം. ഒമാനിലെ ഖസബിന് സമീപമുണ്ടായ ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ മുറിയിൽ തീപിടിച്ചു. ജീവനക്കാർ സുരക്ഷിതരാണെന്നാണ് വിവരം. ഈ മാസം ഇതുവരെ ഹോർമൂസിൽ 11 എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതായാണ് റിപ്പോർട്ട്.

അതിനിടെ, അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് തിയഡോർ റൂസ്‌വെൽറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ സെൻട്രൽ കമാൻഡിന്റെ പ്രവർത്തനപരിധിയിൽ എത്തിയിട്ടുണ്ട്. കപ്പലിന്റെ ചിത്രങ്ങൾ അമേരിക്കൻ സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ഇതിനു പുറമേ മൂന്ന് അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ കൂടി പശ്ചിമേഷ്യയിൽ എത്തിയിട്ടുണ്ട്.

ഇറാന്റെ ഇലക്ട്രോണിക് യുദ്ധനീക്കങ്ങൾ ശക്തമാകുന്നതിനിടെയാണ് അമേരിക്കയുടെ സൈനിക വിന്യാസം. ഇലക്ട്രോണിക് യുദ്ധമുറകൾ ഉപയോഗിച്ച് ഒൻപതാമത്തെ അമേരിക്കൻ ഡ്രോണിന്റെ നിയന്ത്രണം സ്വന്തമാക്കിയെന്നാണ് ഇറാൻ സൈന്യത്തിന്റെ അവകാശവാദം. അമേരിക്കയുടെ എംക്യുഎം-170 ഡ്രോണാണ് പിടിച്ചെടുത്തതെന്നും ഇറാൻ പറയുന്നു.

അതേസമയം, ബാബ് അൽ മന്ദേബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുത്തതായി ഹൂത്തികളും അവകാശപ്പെട്ടു. 24 മണിക്കൂറിനിടെ സൗദിക്കുനേരെ 88 മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നും ഹൂത്തികൾ അറിയിച്ചു. ഇതിനിടെ, ഹൂത്തി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യെമൻ സർക്കാർ ശക്തമായ വ്യോമാക്രമണവും നടത്തി.

ഹോർമൂസിലും ബാബ് അൽ മന്ദേബിലും സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്കയുടെ സൈനിക സാന്നിധ്യം വർധിക്കുന്നത് പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതൽ ആശങ്കാജനകമാക്കുകയാണ്.

You may also like