കൊച്ചി: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദർ കുഞ്ച് ആർമി ടവേഴ്സിന്റെ ബി, സി ടവറുകൾ പൊളിച്ചുനീക്കാനുള്ള നടപടികൾക്ക് തുടക്കമായി. അപ്പാർട്ട്മെന്റുകളുടെ താക്കോലുകൾ ഉടമകൾ തഹസിൽദാറുടെ സാന്നിധ്യത്തിൽ ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷന് (എ.ഡബ്ല്യു.എച്ച്.ഒ) കൈമാറിത്തുടങ്ങി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ചുരുങ്ങിയ സമയത്തിനുള്ളിൽ അറിയിപ്പ് ലഭിച്ചതിനാൽ 208 ഫ്ലാറ്റ് ഉടമകളിൽ ചിലർക്കു മാത്രമാണ് താക്കോൽ കൈമാറ്റത്തിൽ പങ്കെടുക്കാനായത്. ബാക്കിയുള്ളവർക്കായി തഹസിൽദാർ പുതിയ തീയതി നിശ്ചയിക്കും.
മരടിലെ ഫ്ലാറ്റുകൾ പൊളിച്ച എഡിഫൈസ് എൻജിനീയറിങ്ങിനാണ് ചന്ദർ കുഞ്ച് ടവറുകളും പൊളിക്കാനുള്ള കരാർ. എ.ഡബ്ല്യു.എച്ച്.ഒ പിന്മാറിയതോടെ റവന്യൂ ഡിവിഷണൽ ഓഫീസറായിരിക്കും കമ്പനിയെ കരാർ ഏൽപ്പിക്കുക. ഇതിനായി 9.60 കോടി രൂപ എ.ഡബ്ല്യു.എച്ച്.ഒ എസ്ക്രോ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. പുനരുപയോഗിക്കാവുന്ന നിർമാണ സാമഗ്രികളുടെ മൂല്യമടക്കം ഏകദേശം 15 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
അതേസമയം, 56 കുടുംബങ്ങൾ ഇപ്പോഴും താമസിക്കുന്ന എ ടവറിന്റെ സുരക്ഷയും കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അവശ്യസൗകര്യങ്ങളും തടസ്സപ്പെടില്ലെന്ന് കരാറിൽ വ്യക്തമായി ഉറപ്പുനൽകണമെന്നാണ് താമസക്കാരുടെ ആവശ്യം. ഇതുസംബന്ധിച്ച ഭേദഗതി വരുത്തിയാൽ കരാർ ഒപ്പിടും. കരാർ ഒപ്പിട്ടശേഷം മൂന്നുമുതൽ നാലുമാസത്തിനകം പൊളിക്കൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, പുതിയ കെട്ടിടങ്ങളുടെ പുനർനിർമാണം സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല.
ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ നിർമിച്ച ചന്ദർ കുഞ്ച് ടവറുകളിൽ ഗുരുതരമായ നിർമാണ അപാകതകളും ഗുണനിലവാരക്കുറവും കണ്ടെത്തിയതിനെ തുടർന്നാണ് ബി, സി ടവറുകൾ പൊളിക്കാൻ തീരുമാനിച്ചത്. 2018ൽ നിർമാണം പൂർത്തിയാക്കി ഫ്ലാറ്റുകൾ കൈമാറിയെങ്കിലും ഏതാനും വർഷങ്ങൾക്കുള്ളിൽ കോൺക്രീറ്റ് അടർന്നുവീഴുകയും തൂണുകളിലും കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു.
സാങ്കേതിക വിദഗ്ധരുടെ പരിശോധനയിൽ കെട്ടിടങ്ങൾക്ക് ഘടനാപരമായ സുരക്ഷിതത്വമില്ലെന്നും താമസയോഗ്യമല്ലെന്നും കണ്ടെത്തി. ഇതോടെയാണ് താമസക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ബി, സി ടവറുകൾ പൊളിച്ചുനീക്കാൻ വിദഗ്ധ സമിതിയും ഹൈക്കോടതിയും ഉത്തരവിട്ടത്
