Home Keralaചക്കക്കൊമ്പന്റെ ഓരോ നീക്കവും ഇനി നിരീക്ഷണത്തിൽ; മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാൻ വനംവകുപ്പിന്റെ അനുമതി

ചക്കക്കൊമ്പന്റെ ഓരോ നീക്കവും ഇനി നിരീക്ഷണത്തിൽ; മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാൻ വനംവകുപ്പിന്റെ അനുമതി

by news_desk1
0 comments

തൊടുപുഴ: ചിന്നക്കനാലിലും ശാന്തൻപാറയിലും ജനവാസമേഖലകളിൽ ഭീതി സൃഷ്ടിക്കുന്ന കാട്ടാന ചക്കക്കൊമ്പനെ ഇനി 24 മണിക്കൂറും നിരീക്ഷിക്കും. ആനയെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള പദ്ധതിക്ക് വനംവകുപ്പ് അംഗീകാരം നൽകി. ദൗത്യത്തിന് വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളുടെ സഹായവും തേടും. ഇതുസംബന്ധിച്ച ഉത്തരവ് വനംവകുപ്പ് പുറപ്പെടുവിച്ചു.

മയക്കുവെടിവെച്ച് പിടികൂടുന്ന ചക്കക്കൊമ്പന് ഉപഗ്രഹസഹായത്തോടെ പ്രവർത്തിക്കുന്ന റേഡിയോ കോളർ ഘടിപ്പിക്കും. ആവശ്യമായ ചികിത്സ നൽകിയശേഷം ആനയെ അതിന്റെ നിലവിലെ ആവാസവ്യവസ്ഥയിൽത്തന്നെ തുറന്നുവിടാനാണ് തീരുമാനം.

ആനയുടെ സഞ്ചാരപഥം 24 മണിക്കൂറും നിരീക്ഷിച്ച് ജനവാസമേഖലകളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയാണ് റേഡിയോ കോളർ ഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം. സ്വന്തം ആവാസവ്യവസ്ഥയിൽ തുടരാൻ അവസരം നൽകുന്നതിനൊപ്പം മനുഷ്യരും ആനയും തമ്മിലുള്ള സംഘർഷങ്ങളും അപകടങ്ങളും ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.

വാഹനങ്ങൾക്കുനേരെ പാഞ്ഞടുക്കുകയും നിർത്തിയിട്ട വാഹനങ്ങൾ ആക്രമിക്കുകയും ചെയ്ത നിരവധി സംഭവങ്ങളിൽ ചക്കക്കൊമ്പൻ ഉൾപ്പെട്ടിട്ടുണ്ട്. ഏകദേശം 30 വയസ്സിനടുത്ത് പ്രായമുണ്ടെന്ന് കരുതുന്ന ആനയുടെ ശരീരപ്രകൃതിയും നടത്തവും ശ്രദ്ധേയമാണ്. പെട്ടെന്ന് ദിശമാറാനും പിന്നിലേക്ക് തിരിഞ്ഞ് ആക്രമിക്കാനും ഈ ഒറ്റയാന് കഴിയുമെന്ന് പ്രദേശവാസികൾ പറയുന്നു. മുന്നറിയിപ്പില്ലാതെ അതിവേഗത്തിൽ പാഞ്ഞടുക്കുന്ന സ്വഭാവം രക്ഷാപ്രവർത്തനങ്ങളും ദുഷ്‌കരമാക്കാറുണ്ട്.

വനംവകുപ്പിന്റെ കണക്കുകൾ പ്രകാരം ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഇതുവരെ നാലുപേർ മരിച്ചു. ഏറ്റവും ഒടുവിൽ പന്നിയാർ പന്തടികളം സ്വദേശി വിജയനാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.

ഇതോടെയാണ് അരിക്കൊമ്പനെ പിടികൂടി മറ്റൊരു വനമേഖലയിലേക്ക് മാറ്റിയ മാതൃകയിൽ ചക്കക്കൊമ്പനെയും മാറ്റാനുള്ള നീക്കം ശക്തമായത്. ചക്കക്കൊമ്പൻ ഉൾപ്പെടെ മൂന്ന് കാട്ടാനകളെ മാറ്റിപ്പാർപ്പിക്കാനാണ് വനംവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നത്.

You may also like