തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബലിൽനിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ വാങ്ങിയ വൈദ്യുതിക്ക് കേരളത്തിലെത്തിയപ്പോൾ ചെലവ് 12.55 രൂപയായെന്ന് കെഎസ്ഇബി. റെഗുലേറ്ററി കമ്മിഷന് നൽകിയ വിശദീകരണത്തിലാണ് വൈദ്യുതിയുടെ യഥാർഥ ചെലവ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
വിഇഎച്ച് ഗ്ലോബലുമായുള്ള കരാർ പ്രകാരം യൂണിറ്റിന് 11 രൂപയാണ് വൈദ്യുതിയുടെ വില. എന്നാൽ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രസരണച്ചെലവായി യൂണിറ്റിന് 1.55 രൂപ കൂടി നൽകേണ്ടിവന്നു. ഇതോടെയാണ് ആകെ വില 12.55 രൂപയായത്. പ്രസരണച്ചെലവിൽ മാത്രം കെഎസ്ഇബിക്ക് 92 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും വിശദീകരണത്തിൽ പറയുന്നു.
അതേസമയം, 11 രൂപ എന്ന നിരക്കിൽ ട്രേഡിങ് മാർജിൻ ഉൾപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കെഎസ്ഇബിക്ക് കഴിഞ്ഞിട്ടില്ല. വൈദ്യുതി വ്യാപാരം നടത്താനുള്ള ട്രേഡിങ് ലൈസൻസ് വിഇഎച്ച് ഗ്ലോബലിനുണ്ടെന്ന് കരാറിൽ പറയുന്നുണ്ടെങ്കിലും, ഈ ലൈസൻസിന്റെ അടിസ്ഥാനത്തിലാണോ കരാർ നടപ്പാക്കിയതെന്ന കാര്യത്തിലും വ്യക്തതയില്ല.
വിഇഎച്ച് ഗ്ലോബലുമായുള്ള വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് കെഎസ്ഇബി കഴിഞ്ഞ ദിവസം മറുപടി നൽകിയത്. എന്നാൽ വിശദീകരണത്തിൽ ഇപ്പോഴും അവ്യക്തതയുണ്ടെന്നാണ് കമ്മിഷന്റെ നിലപാട്. കെഎസ്ഇബിയുടെ മറുപടി വിശദമായി പരിശോധിച്ചശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
പൊതുതെളിവെടുപ്പ് പൂർത്തിയായതിനുശേഷം മാത്രമേ കരാറിന് അനുമതി നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. ഇതിനിടെ, ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള വൈദ്യുതി കരാറുകളും വൈദ്യുതി വാങ്ങുന്നതിനായി നടത്തിയ ടെൻഡറുകളും പുനഃപരിശോധിക്കാൻ കെഎസ്ഇബി എംഡി തീരുമാനിച്ചിട്ടുണ്ട്.
