മലപ്പുറം: ദേശീയപാത 66ൽ ഓടിക്കൊണ്ടിരിക്കെ കാറിന്റെ പിൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. അപകടം മണത്ത യാത്രക്കാർ ഉടൻ പുറത്തിറങ്ങി. പിന്നാലെ നിമിഷങ്ങൾക്കകം കാർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. സമയോചിതമായ ഇടപെടലിലൂടെ കുടുംബാംഗങ്ങൾ തലനാരിഴയ്ക്കാണ് വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എ.ആർ. നഗർ കൊളപ്പുറത്തിനും ചോലക്കലിനുമിടയിലായിരുന്നു സംഭവം. ചെറുമുക്ക് ജീലാനി നഗർ സ്വദേശി കോഴികാട്ടിൽ കരീമിന്റെ കുടുംബാംഗങ്ങളാണ് കാറിലുണ്ടായിരുന്നത്. കരീമിന്റെ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മകനും മരുമകളും കോഴിക്കോട് മെഡിക്കൽ കോളജിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടം.
യാത്രയ്ക്കിടെ കാറിന്റെ പിൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പരിഭ്രാന്തരായ യാത്രക്കാർ ഉടൻ വാഹനം നിർത്തി പുറത്തിറങ്ങി. ഇവർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം കാറിൽ തീ പടർന്നുപിടിക്കുകയായിരുന്നു. തീ ആളിപ്പടർന്നതോടെ വാഹനം പൂർണമായും അഗ്നിക്കിരയായി.
ഇതുവഴി കടന്നുപോയ വാഹനയാത്രക്കാരും സമീപത്തെ നാട്ടുകാരും തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീയുടെ ശക്തി കാരണം സാധിച്ചില്ല. ഒടുവിൽ കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തിരക്കേറിയ ദേശീയപാതയിൽ കാറിന് തീപിടിച്ചത് മറ്റു യാത്രക്കാരിലും ആശങ്കയുണ്ടാക്കി. വാഹനത്തിൽനിന്ന് പുക ഉയരുന്നത് യഥാസമയം ശ്രദ്ധയിൽപ്പെട്ടതും യാത്രക്കാർ വേഗത്തിൽ പുറത്തിറങ്ങിയതുമാണ് വൻ ദുരന്തം ഒഴിവാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
