Home Top Storiesപത്മജയ്ക്ക് കോൺഗ്രസിലേക്കുള്ള മടക്കം കടുപ്പമാകും; പത്മിനിക്ക് പാർട്ടിയിൽ വഴിയൊരുങ്ങുന്നു

പത്മജയ്ക്ക് കോൺഗ്രസിലേക്കുള്ള മടക്കം കടുപ്പമാകും; പത്മിനിക്ക് പാർട്ടിയിൽ വഴിയൊരുങ്ങുന്നു

by news_desk1
0 comments

തിരുവനന്തപുരം: ബി.ജെ.പി വിട്ട പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനം അനിശ്ചിതത്വത്തിൽ. കോൺഗ്രസിനും നേതാക്കൾക്കുമെതിരെ മുൻപ് നടത്തിയ രൂക്ഷ വിമർശനങ്ങളിൽ മാപ്പ് പറയാതെ പാർട്ടിയിൽ അംഗത്വം നൽകേണ്ടതില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. തെറ്റ് തിരുത്തി മടങ്ങിവരുന്നവരെ സ്വീകരിക്കാമെന്ന പൊതുനിലപാടുണ്ടെങ്കിലും പത്മജയുടെ കാര്യത്തിൽ വിശദമായ ചർച്ച വേണമെന്നാണ് ആവശ്യം.

കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് പോയപ്പോൾ പാർട്ടിയെയും നേതാക്കളെയും കടുത്ത ഭാഷയിൽ വിമർശിക്കുകയും നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പരസ്യമായി പുകഴ്ത്തുകയും ചെയ്തതാണ് പത്മജയ്ക്ക് ഇപ്പോൾ തിരിച്ചടിയാകുന്നത്. പിതാവ് കെ. കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ തന്നേക്കാൾ മുമ്പ് ബി.ജെ.പിയിൽ എത്തിയേനെയെന്നും കോൺഗ്രസ് ഇല്ലാത്ത വർഗീയത ആരോപിക്കുകയാണെന്നും വളർത്തിക്കൊണ്ടുവന്നവരെ നശിപ്പിക്കുന്നതാണ് കോൺഗ്രസിന്റെ പാരമ്പര്യമെന്നും ഉൾപ്പെടെയുള്ള പ്രസ്താവനകൾ പത്മജ നടത്തിയിരുന്നു.

ഇത്തരം പരാമർശങ്ങൾ നടത്തിയ വ്യക്തിക്ക് മടങ്ങിയെത്തിയ ഉടൻ പാർട്ടി അംഗത്വം നൽകുന്നത് കാര്യങ്ങളെ ഗൗരവത്തോടെ കാണുന്നില്ലെന്ന പ്രതീതി സൃഷ്ടിക്കുമെന്നാണ് വിമർശനം. അതേസമയം, പത്മജയ്ക്ക് പിന്നാലെ ബി.ജെ.പി വിട്ടെത്തിയ പത്മിനി തോമസിനെ കോൺഗ്രസിൽ സ്വീകരിക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പില്ലെന്നാണ് സൂചന.

കോൺഗ്രസിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്ന പത്മജ ആദ്യം കെ.പി.സി.സി അധ്യക്ഷന് കത്ത് നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ അതിനു മുമ്പ് പ്രധാന നേതാക്കളെ നേരിൽക്കണ്ട് ചർച്ച നടത്താനാണ് ഇപ്പോൾ ആലോചിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, എ.കെ. ആന്റണി, വി.എം. സുധീരൻ തുടങ്ങിയ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

പത്മജയുടെ കോൺഗ്രസ് പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത് കെ.പി.സി.സി അധ്യക്ഷനും മുഖ്യമന്ത്രിയുമാണെന്ന് കെ. മുരളീധരൻ പ്രതികരിച്ചു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പാർട്ടിക്ക് സംവിധാനമുണ്ടെന്നും അനാവശ്യ വിവാദങ്ങൾ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like