തിരുവനന്തപുരം: ലഹരിമാഫിയ സംഘങ്ങളുടെ ആക്രമണം ചെറുക്കാൻ ഡാൻസാഫ് ഉദ്യോഗസ്ഥർക്ക് പിസ്റ്റൾ ഉപയോഗത്തിൽ പ്രത്യേക പരിശീലനം നൽകാൻ പൊലീസ് തീരുമാനം. ലഹരിവേട്ടയ്ക്കിടെ പൊലീസുകാർക്കുനേരെ ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി.
ഡാൻസാഫിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും അടിയന്തര സാഹചര്യങ്ങളിൽ പിസ്റ്റൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം നൽകണമെന്നാണ് നിർദേശം. പിസ്റ്റൾ വേഗത്തിൽ അഴിച്ചുമാറ്റൽ, വീണ്ടും ഘടിപ്പിക്കൽ, വെടിയുതിർക്കൽ തുടങ്ങിയവ പരിശീലനത്തിൽ ഉൾപ്പെടുത്തും. പരിശീലന നടപടികൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സോൺ ഐജിമാർക്കും റേഞ്ച് ഡിഐജിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
