Home Editorialസൗന്ദര്യക്കുപ്പികളിൽ ഒളിപ്പിച്ചിരിക്കുന്നത് വിഷം ആരോഗ്യത്തെ വിറ്റ് നിറം വാങ്ങണോ?

സൗന്ദര്യക്കുപ്പികളിൽ ഒളിപ്പിച്ചിരിക്കുന്നത് വിഷം ആരോഗ്യത്തെ വിറ്റ് നിറം വാങ്ങണോ?

by news_desk
0 comments

സൗന്ദര്യം സംരക്ഷിക്കാനും കൂടുതൽ ആകർഷകമാകാനും ആഗ്രഹിക്കാത്തവർ വിരളമാണ്. ഈ മനുഷ്യസഹജമായ ആഗ്രഹത്തെയാണ് സൗന്ദര്യവർധക ഉൽപന്നങ്ങളുടെ വിപണി വലിയൊരു കച്ചവടസാധ്യതയാക്കി മാറ്റിയിരിക്കുന്നത്. ചർമം വെളുപ്പിക്കാനും മുഖക്കുരുവും പാടുകളും മാറ്റാനും ചുളിവുകൾ ഇല്ലാതാക്കാനും ദിവസങ്ങൾക്കുള്ളിൽ അത്ഭുതഫലം വാഗ്ദാനം ചെയ്യുന്ന ഉൽപന്നങ്ങൾ വിപണിയിൽ നിറയുകയാണ്. പരസ്യങ്ങളുടെ മോഹവലയത്തിലും സാമൂഹികമാധ്യമങ്ങളിലെ സ്വാധീനമുള്ളവരുടെ പ്രചാരണത്തിലും വീണ് ഇത്തരം ഉൽപന്നങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടുമ്പോൾ ഒരു കാര്യം മറക്കരുത്: സൗന്ദര്യത്തിന്റെ പേരിൽ ആരോഗ്യമാണ് പണയംവയ്ക്കപ്പെടുന്നത്. ചില സൗന്ദര്യവർധക ഉൽപന്നങ്ങളിൽ മെർക്കുറി, സ്റ്റിറോയിഡുകൾ തുടങ്ങിയ ഹാനികരമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പ് ഗൗരവത്തോടെ കാണണം. ഇവയുടെ അനിയന്ത്രിതമായ ഉപയോഗം ചർമരോഗങ്ങൾക്കും അലർജിക്കും മാത്രമല്ല, വൃക്കകൾക്കും നാഡീവ്യവസ്ഥയ്ക്കും തകരാറുണ്ടാക്കാനും ഇടയാക്കാം. പെട്ടെന്ന് നിറം മാറുമെന്നും പാടുകൾ അപ്രത്യക്ഷമാകുമെന്നും വാഗ്ദാനം ചെയ്യുന്ന ഉൽപന്നങ്ങളുടെ യഥാർഥ അപകടം പലപ്പോഴും ഉപഭോക്താക്കൾ തിരിച്ചറിയുന്നില്ല. താൽക്കാലികമായ സൗന്ദര്യലാഭത്തിനുവേണ്ടി ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുന്നത് ബുദ്ധിപരമായ സമീപനമല്ല. ഈ വിപണിയെ കൂടുതൽ അപകടകരമാക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഉത്തരവാദിത്തമില്ലാത്ത സാമൂഹികമാധ്യമ പ്രചാരണങ്ങളുമാണ്. ശാസ്ത്രീയ തെളിവുകളോ അംഗീകൃത പരിശോധനകളോ ഇല്ലാതെ വ്യക്തിപരമായ അനുഭവങ്ങൾ മാത്രം മുൻനിർത്തി ഉൽപന്നങ്ങൾ ശുപാർശ ചെയ്യുന്നവർ ഉപഭോക്താക്കളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണം. പ്രത്യേകിച്ച് കൗമാരക്കാരുടെ മനസ്സിൽ സ്വന്തം നിറത്തെയും രൂപത്തെയും കുറിച്ച് അപകർഷബോധം സൃഷ്ടിച്ച് ഉൽപന്നങ്ങൾ വിറ്റഴിക്കുന്ന വിപണനതന്ത്രം ചെറുക്കപ്പെടണം. സൗന്ദര്യത്തിന് വിപണി നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് മനുഷ്യർ സ്വയം വിലയിരുത്തേണ്ട സാഹചര്യം സൃഷ്ടിക്കുന്നത് ആരോഗ്യകരമായ സാമൂഹിക പ്രവണതയല്ല. വിപണിയിലെത്തുന്ന സൗന്ദര്യവർധക വസ്തുക്കളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കേണ്ടത് നിയന്ത്രണ ഏജൻസികളുടെ ഉത്തരവാദിത്തമാണ്. വ്യാജവും അനധികൃതവുമായ ഉൽപന്നങ്ങൾ കണ്ടെത്തി വിൽപന തടയണം. നിർമാണം, ഇറക്കുമതി, വിതരണം എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കണം. ഉൽപന്നങ്ങളിലെ ചേരുവകൾ, കാലാവധി, ഉപയോഗരീതി, പാർശ്വഫലങ്ങൾ സംബന്ധിച്ച മുന്നറിയിപ്പുകൾ എന്നിവ പാക്കറ്റുകളിൽ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ഓൺലൈൻ വിപണനത്തിന്റെ പേരിൽ സുരക്ഷാനിയന്ത്രണങ്ങൾ മറികടക്കാൻ അനുവദിക്കരുത്. നിയമലംഘനം നടത്തുന്നവർക്കെതിരെ മാതൃകാപരമായ നടപടി വേണം. അതേസമയം, ഉപഭോക്താക്കൾക്കും വലിയ ഉത്തരവാദിത്തമുണ്ട്. ആകർഷകമായ പാക്കറ്റും മോഹനവാഗ്ദാനങ്ങളും മാത്രം കണ്ട് ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുന്ന ശീലം ഉപേക്ഷിക്കണം. അംഗീകാരം, ചേരുവകൾ, ഉപയോഗരീതി എന്നിവ പരിശോധിക്കാതെ ചർമത്തിൽ പരീക്ഷണം നടത്തരുത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സയ്ക്കു പകരം വിദഗ്ധസഹായം തേടണം. സൗന്ദര്യസംരക്ഷണം ആരോഗ്യത്തിന് ഹാനികരമാകുന്നിടത്ത് അതിന് സൗന്ദര്യമെന്ന പേരുപോലും നൽകാനാവില്ല. സൗന്ദര്യം ഓരോരുത്തരുടെയും വ്യക്തിപരമായ അഭിരുചിയാണ്; അത് ചർമത്തിന്റെ നിറത്തിലോ രൂപത്തിലോ മാത്രം ഒതുങ്ങുന്നതുമല്ല. വെളുപ്പാണ് സൗന്ദര്യമെന്നും നിറം മാറ്റുന്നതാണ് സൗന്ദര്യസംരക്ഷണമെന്നും പ്രചരിപ്പിക്കുന്ന വിപണനസംസ്കാരത്തെ ചോദ്യം ചെയ്യണം. ആരോഗ്യവും ആത്മവിശ്വാസവും സുരക്ഷയുമാണ് യഥാർഥ സൗന്ദര്യത്തിന്റെ അടിസ്ഥാനം. സൗന്ദര്യത്തിന്റെ പേരിൽ വിഷം വിൽക്കുന്ന വിപണിക്ക് നിയന്ത്രണം വേണം. മനുഷ്യന്റെ ആരോഗ്യത്തേക്കാൾ വലുതല്ല ഒരു സൗന്ദര്യവാഗ്ദാനവും.

You may also like