Home Top Stories‘ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനെന്ന വാദം എട്ടാമത്തെ അത്ഭുതം’; സൈബർ ആക്രമണത്തിന് പിന്നിൽ അടൂരിലെ വീടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

‘ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനെന്ന വാദം എട്ടാമത്തെ അത്ഭുതം’; സൈബർ ആക്രമണത്തിന് പിന്നിൽ അടൂരിലെ വീടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

by news_desk1
0 comments

തിരുവനന്തപുരം: തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കു പിന്നിൽ കോൺഗ്രസിലെ ചില നേതാക്കളാണെന്ന ഗുരുതര ആരോപണവുമായി മുതിർന്ന നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. ഷാഫി പറമ്പിൽ എംപി എ ഗ്രൂപ്പുകാരനാണെന്ന വാദം ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി മാത്രമേ കാണാനാകൂവെന്നും താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഏതെങ്കിലും ഒന്ന് അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. സൈബർ ആക്രമണങ്ങൾക്കു പിന്നിൽ അടൂരിലെ ഒരു വീടാണെന്നും ‘ആശാനു’ വേണ്ടി ‘ശിഷ്യൻ’ രംഗത്തിറങ്ങിയിരിക്കുകയാണെന്നും ഉണ്ണിത്താൻ ആരോപിച്ചു.

വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ച് സംഘടിതമായാണ് തനിക്കെതിരെ ആക്രമണം നടത്തുന്നത്. ഷാഫി പറമ്പിലിനെ വ്യക്തിപരമായി അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം ഇപ്പോൾ എ ഗ്രൂപ്പിന്റെ ഭാഗമല്ലെന്നാണ് പറഞ്ഞതെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. കെ.സി. ജോസഫും ബെന്നി ബഹനാനുമാണ് കറകളഞ്ഞ എ ഗ്രൂപ്പുകാരെന്നും അദ്ദേഹം പറഞ്ഞു. എ ഗ്രൂപ്പിന് സർട്ടിഫിക്കറ്റ് നൽകേണ്ടത് താനല്ലെങ്കിലും ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനാണെന്ന വാദം അംഗീകരിക്കാനാകില്ലെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

സോളാർ, സരിത കേസുകളിൽ ഉമ്മൻചാണ്ടിക്കെതിരെ ആക്രമണം ശക്തമായിരുന്ന സമയത്ത് അദ്ദേഹത്തെയും ഭാര്യ മറിയാമ്മയെയും മകൾ മറിയത്തെയും പ്രതിരോധിക്കാൻ മുന്നിലുണ്ടായിരുന്നത് താനായിരുന്നുവെന്ന് ഉണ്ണിത്താൻ പറഞ്ഞു. അന്ന് സിദ്ധിഖ് മാത്രമാണ് തനിക്കൊപ്പം നിന്നത്. ഉമ്മൻചാണ്ടിയുടെ മരണത്തിന് രണ്ടു വർഷം കഴിഞ്ഞാണ് പലരും ‘ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ്’ എന്നുപറഞ്ഞ് രംഗത്തെത്തിയത്. അന്ന് പ്രതിച്ഛായ നഷ്ടപ്പെടുമെന്ന ഭയത്തിൽ പലരും ഒളിച്ചോടി. സോളാർ വിവാദം കെട്ടടങ്ങിയപ്പോൾ കുടുംബത്തെ സംരക്ഷിച്ചതിന് തന്റെ വീട്ടിലെത്തി ഓണക്കോടി നൽകിയ നേതാവ് പോലും ഇപ്പോൾ തനിക്കെതിരായ ആക്രമണം ആസ്വദിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉമ്മൻചാണ്ടി അവസാന നാളുകളിൽ സംസാരശേഷി നഷ്ടപ്പെട്ട് ബെംഗളൂരുവിൽ കഴിയുമ്പോൾ കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റായി കഴക്കൂട്ടത്തുള്ള അഖിലിന്റെ പേര് കുറിപ്പടിയിൽ എഴുതി നൽകിയിരുന്നുവെന്നും ഉണ്ണിത്താൻ വെളിപ്പെടുത്തി. എന്നാൽ ആ കടലാസ് വലിച്ചുകീറി ചവറ്റുകൊട്ടയിൽ എറിഞ്ഞശേഷമാണ് അടൂരിൽ നിന്നുള്ളയാളെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു.

തനിക്കെതിരായ സൈബർ ആക്രമണം തുടർന്നാൽ കൈവശമുള്ള ഡയറിയിലെ വിവരങ്ങൾ പുറത്തുവിടുമെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി. തിരിച്ചടിച്ചാൽ രണ്ടു കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് അദ്ദേഹത്തിന്റെ സൂചന. എറണാകുളത്തെ പനമ്പള്ളി നഗറിലെ ഒരു ഫ്ലാറ്റുമായി ബന്ധപ്പെട്ട് മരിച്ചുപോയ പ്രമുഖ നേതാവ് ഒരാളുടെ കാലുപിടിച്ച് കേണപേക്ഷിച്ച സംഭവമാണ് അതിലൊന്ന്. ‘2020’ എന്നത് ക്രിക്കറ്റല്ല, ഒരു വാഹനത്തിന്റെ നമ്പറാണെന്ന സൂചനയും അദ്ദേഹം നൽകി.

പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാവായ 68 വയസ്സുകാരനാണ് താനെന്നും, ആരും ഐക്യദാർഢ്യം പ്രഖ്യാപിച്ചില്ലെങ്കിലും പിന്നോട്ടില്ലെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. മുന്നിലെ മുള്ളുകൾ ചവിട്ടിമെതിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താന്റെ തുറന്നടിച്ചുള്ള പ്രസ്താവനകൾ കോൺഗ്രസിലെ ഗ്രൂപ്പ് പോര് കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

You may also like