കോട്ടയം: സോളാർ വിവാദകാലത്ത് ഉമ്മൻചാണ്ടിക്കും കുടുംബത്തിനും കോൺഗ്രസ് പാർട്ടിക്കും വേണ്ടി പരസ്യമായി പോരാടിയ രാജ്മോഹൻ ഉണ്ണിത്താനെ മറക്കാനാകില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. അന്ന് ഇടതുപക്ഷം ഉമ്മൻചാണ്ടിയെയും കുടുംബത്തെയും കടന്നാക്രമിച്ചപ്പോൾ മുന്നിൽനിന്ന് പ്രതിരോധിച്ചത് ഉണ്ണിത്താനായിരുന്നുവെന്നും അദ്ദേഹത്തോട് കുടുംബത്തിന് എന്നും കടപ്പാടുണ്ടാകുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
സോളാർ കേസ് കാലത്ത് ഉണ്ണിത്താൻ കുടുംബത്തെ സഹായിച്ച കാര്യത്തിൽ സംശയമില്ല. സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ രക്തമൊലിച്ച് വീട്ടിലെത്തിയ അദ്ദേഹത്തെ സ്വീകരിച്ചതും ആശുപത്രിയിലെത്തിച്ചതും തങ്ങളായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പിതാവിനെ സംരക്ഷിക്കാൻ മണിക്കൂറുകളോളം ഉണ്ണിത്താൻ ചെലവഴിച്ചു. സോളാർ വിവാദകാലത്ത് മാധ്യമങ്ങളിലൂടെ പാർട്ടിയെ പരസ്യമായി പ്രതിരോധിച്ചവരിൽ രാജ്മോഹൻ ഉണ്ണിത്താനും ടി. സിദ്ദിഖും പ്രധാനികളായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞങ്ങളുടെ കുടുംബത്തിനുവേണ്ടി രക്തസാക്ഷിയായ ആളാണ് ഉണ്ണിത്താൻ. ഇടതുപക്ഷം അന്ന് ഞങ്ങളെ പച്ചയ്ക്ക് വലിച്ചുകീറാൻ ശ്രമിച്ചപ്പോൾ മുന്നിൽ പോരാളിയായി നിന്നത് അദ്ദേഹമാണ്. അത് ഞങ്ങൾക്ക് മറക്കാനാകില്ല. എന്നും ആ കടപ്പാടുണ്ടാകും. അക്കൂട്ടത്തിൽ ടി. സിദ്ദിഖുമുണ്ട്. മറ്റുള്ളവരും അവരവരുടെ തലത്തിൽ പ്രതിരോധിച്ചിട്ടുണ്ട്. അവർ ചെയ്തതെല്ലാം പരസ്യമായി പറയണമെന്നില്ല. ഷാഫി പറമ്പിലിനെ എന്റെ പിതാവ് ഏൽപ്പിച്ച ഉത്തരവാദിത്തം അദ്ദേഹം നിർവഹിച്ചിട്ടുണ്ടാകാം’ — ചാണ്ടി ഉമ്മൻ പറഞ്ഞു.
പരസ്യമായി വന്ന് പ്രതിരോധിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ ആക്രമണം നേരിടേണ്ടിവരുന്നത്. അത്തരത്തിൽ ഏറ്റവുമധികം കല്ലേറ് ഏറ്റുവാങ്ങിയ ആളാണ് ഉണ്ണിത്താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിന് മാത്രമല്ല, കോൺഗ്രസ് പാർട്ടിക്ക് ഒന്നാകെ ഉണ്ണിത്താനോട് കടപ്പാടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം, ഉമ്മൻചാണ്ടിയുടെ അവസാനകാലത്ത് ചിലർ അദ്ദേഹത്തെ കൈവിട്ടെന്ന ആരോപണവും ചാണ്ടി ഉമ്മൻ ഉന്നയിച്ചു. സോളാർ വിവാദകാലത്ത് ആരും ഒപ്പംനിന്നില്ലെന്ന് പറയാനാകില്ല. എന്നാൽ പിതാവിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന സമയത്താണ് ചിലർ വിട്ടുപോയത്. സ്വന്തം താൽപര്യങ്ങൾ നേടിയെടുക്കാൻ ചിലർ ശ്രമിച്ചുവെന്നത് യാഥാർഥ്യമാണെന്നും അവർ ആരൊക്കെയാണെന്ന് വരുംകാലത്ത് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ പരാമർശം ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ടുള്ളതല്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ആരെയും കുറ്റപ്പെടുത്താനില്ലെന്നും തങ്ങളെ ആക്രമിച്ചവരോട് പോലും വിരോധമില്ലാത്ത സാഹചര്യത്തിൽ ഒപ്പംനിന്നവരെക്കുറിച്ച് മോശമായി പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
