കൊച്ചി: ‘ഞാൻ വെളുപ്പിക്കുന്ന ക്രീം ഉപയോഗിക്കാൻ കാരണക്കാർ നിങ്ങളാണ്’ — നിറത്തിന്റെ പേരിൽ കുട്ടിക്കാലം മുതൽ നേരിട്ട പരിഹാസങ്ങളും വിവേചനങ്ങളും തുറന്നുപറഞ്ഞ് സമൂഹമാധ്യമ ഇൻഫ്ലുവൻസർ മുബീന. വെളുത്ത നിറമാണ് സൗന്ദര്യമെന്ന ധാരണ സമൂഹം ചെറുപ്പം മുതൽ മനസിൽ കുത്തിവെച്ചതാണ് ചർമം വെളുപ്പിക്കാനുള്ള ക്രീമുകൾ ഉപയോഗിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മുബീന വെളിപ്പെടുത്തി. അംഗീകാരമില്ലാത്ത ചർമസംരക്ഷണ ഉൽപന്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെയാണ് നിറവിവേചനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച് മുബീനയുടെ വിഡിയോ ശ്രദ്ധ നേടുന്നത്.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലാണ് കറുത്ത നിറത്തിന്റെ പേരിൽ നേരിട്ട അവഗണനകളെക്കുറിച്ച് മുബീന തുറന്നുപറഞ്ഞത്. അഞ്ചാം ക്ലാസ് മുതൽ നിറത്തിന്റെ പേരിൽ അധിക്ഷേപങ്ങൾ കേൾക്കേണ്ടിവന്നിട്ടുണ്ട്. സ്കൂൾ കലോത്സവത്തിൽ മണവാട്ടിയുടെ വേഷം അവതരിപ്പിക്കാൻ തന്നെ തിരഞ്ഞെടുത്തെങ്കിലും പരിപാടിയുടെ തലേദിവസം അധ്യാപകൻ എത്തി വേഷത്തിൽനിന്ന് മാറ്റി മറ്റൊരു കുട്ടിയെ മുന്നിൽ നിർത്താൻ നിർദേശിച്ചുവെന്നും അവർ പറഞ്ഞു. ഇതിനായി വസ്ത്രങ്ങളും മറ്റു സാധനങ്ങളും ഒരുക്കിയ ശേഷമായിരുന്നു ഈ മാറ്റം. നിറത്തിന്റെ പേരിലാണ് തന്നെ ഒഴിവാക്കിയതെന്ന് അന്ന് തോന്നിയതായും മുബീന ഓർത്തെടുത്തു.
‘ഞാൻ ഈ ക്രീം ഉപയോഗിക്കാൻ കാരണക്കാർ ആരാണെന്ന് അറിയാമോ? നിങ്ങളാണ്. കുഞ്ഞുനാൾ മുതൽ കറുപ്പ് കാണാൻ കൊള്ളില്ലെന്നും വെളുപ്പാണ് ഭംഗിയെന്നും എന്നെ പഠിപ്പിച്ചത് നിങ്ങളാണ്. അഞ്ചാം ക്ലാസ് മുതൽ കറുത്തിട്ടാണെന്ന് കേൾക്കാൻ തുടങ്ങിയതാണ്. കലോത്സവത്തിൽ മണവാട്ടിയായി എന്നെ തിരഞ്ഞെടുത്ത് എല്ലാം ഒരുക്കിയിരുന്നു. എന്നാൽ പരിപാടിയുടെ തലേദിവസം അധ്യാപകൻ വന്ന് എന്നെ മാറ്റി പിന്നിൽ നിന്ന മറ്റൊരു കുട്ടിയെ മുന്നിൽ നിർത്താൻ പറഞ്ഞു. ഞാൻ കറുത്തതല്ലേ, പിന്നെ എങ്ങനെ എന്നെ മുന്നിൽ നിർത്തും എന്നായിരുന്നു അന്നത്തെ തോന്നൽ’ — മുബീന വിഡിയോയിൽ പറഞ്ഞു.
വീട്ടിൽ അതിഥികൾ എത്തുമ്പോൾ മൂത്ത മകളായ തനിക്ക് പിതാവിന്റെ നിറവും ഇളയ മകൾക്ക് മാതാവിന്റെ നിറവുമാണെന്ന് പറയാറുണ്ടായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. മറ്റുള്ളവർ തമാശയായി പറയുന്ന ഇത്തരം പരാമർശങ്ങൾ കുട്ടികളുടെ മനസിൽ ആഴത്തിലുള്ള മുറിവുകളുണ്ടാക്കുമെന്നും മുബീന ചൂണ്ടിക്കാട്ടി.
നിറത്തിന്റെ പേരിലുള്ള പരിഹാസങ്ങൾ വിശ്വസിച്ച് വെളുക്കാനായി പലതരം വസ്തുക്കൾ മുഖത്ത് പരീക്ഷിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. സ്വന്തം കുഞ്ഞിന് ജന്മം നൽകിയ സമയത്തുപോലും കുഞ്ഞിന്റെ ചെവി നോക്കി ഭാവിയിൽ കറുത്തുപോകുമെന്ന് ചിലർ പറഞ്ഞ അനുഭവവും മുബീന പങ്കുവെച്ചു.
‘മക്കൾ കറുപ്പാണോ വെളുപ്പാണോ എന്നതല്ല കാര്യം; കുഞ്ഞിനെ ആരോഗ്യത്തോടെ കിട്ടിയതിലാണ് കാര്യം’ എന്ന് ഭർത്താവിന്റെ അമ്മ തന്നോട് പറഞ്ഞ കാര്യം മുബീന ഓർത്തെടുത്തു. ഇത്തരത്തിൽ ചിന്തിക്കാൻ എത്രപേർക്ക് കഴിയുമെന്നും അവർ ചോദിച്ചു. സൗന്ദര്യത്തിന്റെ പേരിലുള്ള സമ്മർദം കാരണം നിരവധി സ്ത്രീകൾ കടുത്ത മാനസികപ്രയാസങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും ചിലർ ആത്മഹത്യയിലേക്ക് വരെ എത്തുന്നുണ്ടെന്നും മുബീന ചൂണ്ടിക്കാട്ടി.
സ്വന്തം മക്കളുടെ മനസിൽ കറുപ്പ്, വെളുപ്പ് എന്നിങ്ങനെയുള്ള വേർതിരിവുകളുടെ വിഷം കുത്തിവെക്കാതിരിക്കുകയാണ് സമൂഹത്തിന് ചെയ്യാനാകുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അവർ പറഞ്ഞു.
