തിരുവനന്തപുരം: സംസ്ഥാനത്ത് വിൽക്കുന്ന പെട്രോളിൽ എഥനോൾ എത്രത്തോളമുണ്ടെന്ന് പരിശോധിക്കാനുള്ള നീക്കത്തിന് എണ്ണക്കമ്പനികളുടെ നിസ്സഹകരണം. പരിശോധനയ്ക്കായി 100 ശതമാനം ശുദ്ധമായ പെട്രോളിന്റെ സാംപിൾ നൽകാൻ കമ്പനികൾ തയ്യാറാകുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. തുടക്കത്തിൽ സാംപിളുകൾ നൽകാമെന്ന് സമ്മതിച്ചിരുന്നെങ്കിലും പിന്നീട് സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിൽനിന്ന് കമ്പനികൾ പിന്മാറിയെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ.
ഈ സാഹചര്യത്തിൽ ശുദ്ധമായ പെട്രോൾ സാംപിളുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിക്കും അനൂപ് ജേക്കബ് കത്തയച്ചു.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ തുടങ്ങിയ എണ്ണക്കമ്പനികൾക്കു മാത്രമാണ് ഇത്തരം സാംപിളുകൾ ലഭ്യമാക്കാൻ കഴിയുക. സംസ്ഥാനത്തെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചിട്ടും ശുദ്ധമായ പെട്രോൾ സാംപിളുകൾ ലഭ്യമാക്കാനായില്ലെന്നും മന്ത്രിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിനുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ ഭാഗങ്ങളിൽനിന്ന് പരാതികൾ ഉയർന്നതോടെയാണ് സംസ്ഥാന സർക്കാർ പരിശോധന ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ വിവിധ പെട്രോൾ പമ്പുകളിൽനിന്ന് സാംപിളുകൾ ശേഖരിച്ചു.
സിവിൽ സപ്ലൈസ് വകുപ്പ് നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചാണ് സാംപിളുകൾ ശേഖരിച്ചത്. തുടർന്ന് പരിശോധനയ്ക്കായി സംസ്ഥാന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികൾക്ക് കൈമാറുകയും ചെയ്തു. എന്നാൽ, ശേഖരിച്ച പെട്രോളിലെ എഥനോളിന്റെ അളവ് കൃത്യമായി കണ്ടെത്താനും താരതമ്യപരിശോധന നടത്താനും 100 ശതമാനം ശുദ്ധമായ പെട്രോളിന്റെ സാംപിൾ കൂടി ആവശ്യമാണെന്ന് ലബോറട്ടറി അധികൃതർ അറിയിച്ചു.
ഇത്തരം സാംപിളുകൾ ലഭിക്കാത്തതാണ് പരിശോധനയ്ക്ക് തടസ്സമാകുന്നത്. എണ്ണക്കമ്പനികൾ സഹകരിക്കാത്ത സാഹചര്യത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ തേടിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.
