Home Keralaകുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയും; ശാസ്ത്രീയ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയും; ശാസ്ത്രീയ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

by news_desk1
0 comments

തിരുവനന്തപുരം: സ്കൂൾ ബാഗിന്റെ അമിതഭാരം കാരണം ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ആശ്വാസമേകാൻ ശാസ്ത്രീയ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനൊപ്പം കുട്ടികൾക്ക് ആരോഗ്യകരവും ആയാസരഹിതവുമായ പഠനാന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്ത യോഗത്തിൽ പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കി.

കുട്ടിയുടെ ആകെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായിരിക്കണം സ്കൂൾ ബാഗിന്റെ ഭാരമെന്നാണ് പ്രധാന നിർദേശം. ഇതിനായി വിവിധ നടപടികളാണ് യോഗം മുന്നോട്ടുവച്ചത്.

  • കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളിൽത്തന്നെ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കും. ഇതോടെ വീട്ടിൽനിന്ന് കൂടുതൽ സാധനങ്ങൾ കൊണ്ടുവരേണ്ട സാഹചര്യം ഒഴിവാക്കാം.
  • ഒരു ദിവസം മൂന്നോ നാലോ വിഷയങ്ങളുടെ ക്ലാസുകൾ മാത്രം വരുന്ന വിധത്തിൽ സ്കൂൾ സമയക്രമം പുനഃക്രമീകരിക്കും.
  • പാഠപുസ്തകങ്ങളുടെ രണ്ട് സെറ്റുകൾ ലഭ്യമാക്കി ഒന്ന് വീട്ടിലും മറ്റൊന്ന് സ്കൂളിലും സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കും.
  • ഡിജിറ്റൽ പഠനസൗകര്യങ്ങൾ വിപുലീകരിക്കും. സ്മാർട്ട് ബോർഡുകളിലൂടെ പാഠപുസ്തകങ്ങളിലെ ഉള്ളടക്കവും അനുബന്ധ അധ്യാപന പ്രവർത്തനങ്ങളും ഒരേസമയം വിദ്യാർഥികൾക്ക് കാണാൻ കഴിയുന്ന സംവിധാനവും പരിഗണനയിലുണ്ട്.

നാല് വർഷം കൊണ്ട് സംസ്ഥാനമൊട്ടാകെ നടപ്പാക്കും

അടുത്ത അധ്യയന വർഷം തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളിൽ പദ്ധതിയുടെ ഒന്നാംഘട്ടം നടപ്പാക്കും. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്കൂൾ പി.ടി.എ., എസ്.എം.സി. എന്നിവയുടെ സഹകരണത്തോടെയാകും പദ്ധതി മുന്നോട്ടുകൊണ്ടുപോകുക. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും അധികൃതരുടെ താൽപര്യവും പരിഗണിച്ചായിരിക്കും പൈലറ്റ് പദ്ധതിക്കായി വിദ്യാലയങ്ങളെ തിരഞ്ഞെടുക്കുക. നിലവിലുള്ള ഡിജിറ്റൽ സംവിധാനങ്ങളുടെ സാധ്യതകളും പ്രയോജനപ്പെടുത്തും.

നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ എൽ.പി., യു.പി. വിദ്യാലയങ്ങളിലും പദ്ധതി നടപ്പാക്കാനാണ് യോഗത്തിലെ തീരുമാനം. പ്ലസ് ടു തലം വരെയുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണവും നൽകും.

വിദ്യാർഥികളുടെ ചുമലിലെ ഭൗതികഭാരം കുറയ്ക്കുന്നതിനൊപ്പം അനാവശ്യമായ പഠനഭാരവും ലഘൂകരിച്ച് കൂടുതൽ ആരോഗ്യകരവും സൗഹൃദപരവുമായ പഠനാന്തരീക്ഷം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

യോഗത്തിൽ വിശദമായി ചർച്ച ചെയ്ത നിർദേശങ്ങളുടെ പ്രായോഗികതയും ഫലപ്രദമായ നടപ്പാക്കൽ സാധ്യതകളും വിലയിരുത്തി തുടർനടപടികൾ നിർദേശിക്കുന്നതിനായി സംയുക്ത സമിതിയെയും നിയോഗിച്ചു. എസ്.സി.ഇ.ആർ.ടി., കൈറ്റ്, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, സമഗ്ര ശിക്ഷാ കേരളം എന്നീ നാല് സ്ഥാപനങ്ങളുടെയും ഡയറക്ടർമാർ സമിതിയിൽ അംഗങ്ങളായിരിക്കും.

You may also like