കൊച്ചി: കള്ളുഷാപ്പുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കിയിരുന്ന ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. സ്ത്രീകളുടെ മൗലികാവകാശത്തിനും തൊഴിൽ സ്വാതന്ത്ര്യത്തിനും വിരുദ്ധമാണ് വിലക്കെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സുരക്ഷയുടെ പേരിൽ തൊഴിൽ അവസരങ്ങൾ നിഷേധിക്കാൻ സർക്കാരിന് കഴിയില്ലെന്നും വ്യക്തമാക്കി.
2002ലെ കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസൽ ചട്ടങ്ങളിലെ റൂൾ 7(37) ആണ് ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനിയായ 47കാരി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
കള്ളുഷാപ്പിൽ ജോലി ചെയ്തിരുന്ന ഹർജിക്കാരിയുടെ ഭർത്താവ് 2024ൽ മരിച്ചിരുന്നു. തുടർന്ന് ആശ്രിത നിയമന വ്യവസ്ഥ പ്രകാരം അതേ സ്ഥാപനത്തിൽ ജോലി ആവശ്യപ്പെട്ടെങ്കിലും സ്ത്രീകൾക്ക് തൊഴിൽ വിലക്കുന്ന ചട്ടം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. ഇതോടെയാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.
സ്ത്രീകളെ ചൂഷണത്തിൽനിന്നും തൊഴിൽസ്ഥലത്തെ പീഡനങ്ങളിൽനിന്നും സംരക്ഷിക്കാനാണ് വിലക്കേർപ്പെടുത്തിയതെന്നായിരുന്നു സർക്കാരിന്റെ വാദം. കള്ളുഷാപ്പുകൾ പലപ്പോഴും വിദൂര സ്ഥലങ്ങളിലായതിനാൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ സുരക്ഷയുടെ പേരിൽ എല്ലാ സ്ത്രീകൾക്കും തൊഴിൽ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കള്ളുഷാപ്പുകളിലെ തൊഴിൽ സാഹചര്യങ്ങൾ വിദേശമദ്യ വിൽപ്പനശാലകളിലേതിൽനിന്ന് വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി ഷാപ്പ് ലൈസൻസിയും ഹർജിയെ എതിർത്തിരുന്നു.
