തിരുവനന്തപുരം: നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണവുമായി കരാറുകാരൻ. കെഎസ്ടിപി പദ്ധതിയുടെ ഭാഗമായി ജോലി ചെയ്തിരുന്ന മലേഷ്യൻ എൻജിനീയർ ലീ സീ ബിന്നിന്റെ ആത്മഹത്യയ്ക്ക് കാരണം അന്നത്തെ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിന്റെ നടപടികളാണെന്നാണ് പതിബെൽ കമ്പനിക്ക് വേണ്ടി മെറ്റീരിയൽ സപ്ലൈ കരാർ ഏറ്റെടുത്ത സാജന്റെ ആരോപണം.
പദ്ധതിയുടെ ബില്ലുകൾ പാസാക്കി നൽകാൻ ഗ്യാനേഷ് കുമാർ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ലീ സീ ബിൻ തന്നോട് പറഞ്ഞിരുന്നുവെന്ന് സാജൻ ആരോപിച്ചു. കൈക്കൂലി നൽകാത്തതിനെ തുടർന്ന് ബില്ലുകൾ പാസാകാതെ പോയി. ഇതോടെ കരാറുകാരുടെ പണം നൽകാൻ കഴിയാതെ ലീ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും സാജൻ പറഞ്ഞു.
ചടയമംഗലത്ത് തന്റെ വീടിന് സമീപത്തായിരുന്നു ലീ താമസിച്ചിരുന്നത്. ബില്ലുകൾ പാസാകുന്നതുവരെ പിടിച്ചുനിൽക്കാൻ പതിബെലിന്റെ ബെംഗളൂരു പദ്ധതിയിൽനിന്ന് മലേഷ്യൻ കമ്പനിയുടെ അറിവില്ലാതെ പണം കടമെടുത്താണ് ലീ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ കേരളത്തിലെ പദ്ധതിയുടെ ബില്ലുകൾ പാസാകാതെ വന്നതോടെ പ്രതിസന്ധി രൂക്ഷമായി. ഇതാണ് ലീയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സാജന്റെ ആരോപണം.
സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും സാജൻ അറിയിച്ചു.
എം.സി. റോഡിന്റെ പുനർനിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തിയ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ കരാർ പതിബെൽ കമ്പനിക്കായിരുന്നു. കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജരായിരുന്നു ലീ സീ ബിൻ. 2006ൽ മലേഷ്യയിലെ സുബാങ് റിയ പാർക്കിലെ തടാകത്തിന് സമീപമുള്ള ഇരുമ്പ് നടപ്പാലത്തിന് താഴെയാണ് ലീയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കത്തുകൾ കണ്ടെടുത്തിരുന്നു. ഒന്ന് പതിബെൽ ഡയറക്ടർ റോസ് ലീക്കുള്ളതും മറ്റൊന്ന് കുടുംബത്തിനുള്ളതുമായിരുന്നു. കേരളത്തിലെ ഉദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ച് രണ്ട് കത്തുകളിലും പരാമർശമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കൈക്കൂലി ആവശ്യപ്പെട്ട് പദ്ധതി തടസ്സപ്പെടുത്തുന്നതായി ലീ സഹപ്രവർത്തകരോടും പറഞ്ഞിരുന്നതായും ആരോപണമുണ്ട്.
അഴിമതി ആരോപണത്തെത്തുടർന്ന് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. തുടർന്ന് വിജിലൻസ് അന്വേഷണം നടക്കുകയും 2007ൽ സർക്കാർ കമ്പനിക്ക് 35 കോടി രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തു. 2016ൽ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയ ഗ്യാനേഷ് കുമാർ 2025 ഫെബ്രുവരി 19നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായത്.
