കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദദാനച്ചടങ്ങിനിടെയുണ്ടായ പ്രതിഷേധം ദൗർഭാഗ്യകരമാണെന്നും പരിപാടിയിൽ പ്രശ്നമുണ്ടാക്കുക മാത്രമായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ ലക്ഷ്യമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ബിരുദദാനച്ചടങ്ങിന് അതിന്റേതായ അച്ചടക്കവും പ്രോട്ടോക്കോളുമുണ്ടെന്നും ചോദ്യങ്ങൾക്ക് പിന്നീട് മറുപടി നൽകാമെന്ന നിലപാടാണ് സ്വീകരിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
ബാനറുകളും പ്ലക്കാർഡുകളും ഉയർത്തുന്നതിനെ പ്രശ്നമായി കാണുന്ന ആളല്ല താനെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ റോജി എം. ജോൺ പറഞ്ഞു. പ്രോട്ടോക്കോൾ പരിഗണിച്ചാണ് പരിപാടിക്കിടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത് മാറ്റിവെച്ചത്. ചടങ്ങിന് ശേഷം മറുപടി നൽകാമെന്ന് വ്യക്തമാക്കിയിരുന്നു. ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുകയെന്നതായിരുന്നില്ല എസ്എഫ്ഐ പ്രവർത്തകരുടെ ലക്ഷ്യം. മറുപടി പറഞ്ഞ ശേഷമാണ് വേദിയിൽനിന്ന് ഇറങ്ങിയതെന്നും മന്ത്രി പറഞ്ഞു.
ചോദ്യങ്ങൾ ചോദിക്കുമ്പോൾ വീട്ടിൽ പോയി ചോദിക്കാൻ പറയുന്നയാളല്ല താനെന്നും ബിരുദദാനച്ചടങ്ങ് അലങ്കോലപ്പെടുത്തിക്കൊണ്ടാണോ വിദ്യാർഥി രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നും റോജി എം. ജോൺ ചോദിച്ചു. ഗവർണർക്കെതിരായ സമരം സ്വിച്ചിട്ടതുപോലെ നിർത്തിയവരാണ് എസ്എഫ്ഐയെന്നും രാഹുൽ ഗാന്ധിയുടെ സ്കൂളിൽ പഠിച്ചുവന്നവരാണ് തങ്ങളെന്നും മന്ത്രി പരിഹസിച്ചു.
കാലടി സംസ്കൃത സർവകലാശാലയിൽ നടന്നത് അപരിഷ്കൃതവും അക്രമപരവുമായ സമരമാണെന്ന നിലപാടും മന്ത്രി ആവർത്തിച്ചു. സസ്പെൻഷൻ പിൻവലിക്കേണ്ടത് സർവകലാശാലയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മഹാരാജാസ് കോളേജിലെ ബിരുദദാനച്ചടങ്ങിനിടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ, കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് സദസ്സിൽനിന്ന് ചോദ്യങ്ങളുയർന്നു. തുടർന്ന് യൂണിയൻ വൈസ് ചെയർപേഴ്സൺ നഫീസത്തുല് മിസ്രിയ വേദിയിലെത്തി മന്ത്രിയോട് ചോദ്യങ്ങൾ ആവർത്തിച്ചു. രണ്ട് ചോദ്യങ്ങളോട് പോലും എന്തിനാണ് ഇത്ര പേടിയെന്ന് മിസ്രിയ ചോദിക്കുകയും ചെയ്തു.
മറുപടി നൽകാമെന്ന് പറഞ്ഞതല്ലേയെന്നും പരിപാടി തടസ്സപ്പെടുത്തുന്നത് എന്തിനാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനിടെ, ‘വിദ്യാർഥികളെ എന്തിന് സസ്പെൻഡ് ചെയ്തു?’, ‘കാലടിയിലെ വിദ്യാർഥികളെ നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല’ തുടങ്ങിയ സന്ദേശങ്ങളുള്ള ബാനറുകളുമായി എസ്എഫ്ഐ പ്രവർത്തകർ മന്ത്രിയെ വളഞ്ഞു. ചോദ്യം ചോദിച്ച മിസ്രിയയെ സുരക്ഷാ ജീവനക്കാർ മാറ്റാൻ ശ്രമിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമാവുകയായിരുന്നു.
