Home Keralaഅട്ടപ്പാടിയിലെ ശിശുമരണങ്ങൾ: പീഡിയാട്രിക് ആംബുലൻസും നിയോനാറ്റൽ വിഭാഗവും; ഡോക്ടർമാരുടെ കുറവ് പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ: പീഡിയാട്രിക് ആംബുലൻസും നിയോനാറ്റൽ വിഭാഗവും; ഡോക്ടർമാരുടെ കുറവ് പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി

by news_desk1
0 comments

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ആരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കൂടുതൽ നടപടികൾ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പീഡിയാട്രിക് ആംബുലൻസ് എത്തിക്കുന്നതിനൊപ്പം നിയോനാറ്റൽ പീഡിയാട്രി വിഭാഗം വിപുലീകരിക്കുമെന്നും ഡോക്ടർമാരുടെ കുറവ് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. ശിശുമരണങ്ങളുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യസംവിധാനങ്ങളിലെ പോരായ്മകൾ നേരിട്ട് വിലയിരുത്താനാണ് മന്ത്രി അട്ടപ്പാടിയിലെത്തിയത്. കോട്ടത്തറ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളും പരിശോധിച്ച അദ്ദേഹം വിദഗ്ധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവുണ്ടെന്ന് മന്ത്രി സമ്മതിച്ചു. അട്ടപ്പാടിയിലേക്ക് വരാൻ പല ഡോക്ടർമാർക്കും താൽപര്യമില്ലെങ്കിലും കൂടുതൽ പേരെ ഉടൻ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

ആരോഗ്യപ്രവർത്തകരുടെ സേവനം കൂടുതൽ മേഖലകളിലേക്ക് എത്തിക്കുന്നതിനായി ഫീൽഡ് സ്റ്റാഫുകളുടെ എണ്ണവും വർധിപ്പിക്കും. ജനനി ജന്മരക്ഷ പദ്ധതിയിൽ പണത്തിന് പകരം ഗുണഭോക്താക്കൾക്ക് പോഷകാഹാരം നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.

ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം തടസ്സപ്പെട്ടതായി മന്ത്രി പറഞ്ഞു. കുടിശ്ശിക തുക ഉടൻ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കരിദിനം ആചരിച്ചു. ഡി.വൈ.എഫ്.ഐ അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും നടത്തി.

You may also like