Home Keralaഅഞ്ചാം വയസിൽ തിരുവനന്തപുരത്തെത്തി, മൂന്ന് പതിറ്റാണ്ടിലേറെ മൃഗശാലയുടെ പ്രിയതാരം; 39-ാം വയസിൽ ശംഭു വിടവാങ്ങി

അഞ്ചാം വയസിൽ തിരുവനന്തപുരത്തെത്തി, മൂന്ന് പതിറ്റാണ്ടിലേറെ മൃഗശാലയുടെ പ്രിയതാരം; 39-ാം വയസിൽ ശംഭു വിടവാങ്ങി

by news_desk1
0 comments

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിലേറെ തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകർഷണമായിരുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ശംഭു ഓർമ്മയായി. 39 വയസുണ്ടായിരുന്ന ശംഭു പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് ചരിഞ്ഞത്.

ശംഭുവിന്റെ വിയോഗത്തോടെ തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗങ്ങളുടെ കൂട് ശൂന്യമായി. നിലവിൽ മൃഗശാലയിൽ മറ്റൊരു കാണ്ടാമൃഗവുമില്ല. കാണ്ടാമൃഗങ്ങളുടെ ശരാശരി ആയുസ്സ് 35 മുതൽ 40 വർഷം വരെയാണ്.

1993 മേയ് 19നാണ് അസമിലെ ഗുവാഹത്തിയിലുള്ള സ്റ്റേറ്റ് സുവോളജിക്കൽ പാർക്കിൽനിന്ന് ശംഭുവിനെ തിരുവനന്തപുരത്ത് എത്തിച്ചത്. അന്ന് അഞ്ചുവയസായിരുന്നു പ്രായം. അസമിൽനിന്ന് കൊണ്ടുവന്നപ്പോൾ ‘ജാദു’ എന്നായിരുന്നു പേര്. തിരുവനന്തപുരത്തെത്തിയ ശേഷമാണ് ശംഭു എന്ന് പേരുമാറ്റിയത്. മൃഗശാലയിൽ എത്തിക്കുന്നതിനായി ആറര ലക്ഷം രൂപയാണ് അന്ന് ചെലവഴിച്ചത്.

മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്റെയും പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ പത്തോളജിസ്റ്റ് ഡോ. ഹരീഷിന്റെയും നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിനുള്ള നടപടികൾ പൂർത്തിയാക്കി. മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ദഹിപ്പിക്കും.

You may also like