Home Keralaകാലുറപ്പിക്കാൻ പോലും കഴിയാത്ത ആഴം, ചെളിയും എണ്ണയും കലർന്ന വെള്ളം; 24 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ലോറിയുടെ ഡ്രൈവറെ കണ്ടെത്തി

കാലുറപ്പിക്കാൻ പോലും കഴിയാത്ത ആഴം, ചെളിയും എണ്ണയും കലർന്ന വെള്ളം; 24 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ലോറിയുടെ ഡ്രൈവറെ കണ്ടെത്തി

by news_desk1
0 comments

കൂറ്റനാട്: കാഴ്ച പരിമിതം, അടിത്തട്ടിൽ കാലുറപ്പിക്കാൻ പോലും കഴിയാത്ത വിധം ചെളി. വെള്ളത്തിൽ മുങ്ങിയ ലോറിയും കാണാതായ ഡ്രൈവറും. കറുകപുത്തൂർ അകിലാണത്തെ ആഴമേറിയ കരിങ്കൽ ക്വാറിയിൽ അകപ്പെട്ട ജീവനുവേണ്ടി നടന്നത് 24 മണിക്കൂർ നീണ്ട അതിസാഹസിക രക്ഷാദൗത്യം. പട്ടാമ്പി മുതൽ തൃശൂർ വരെയുള്ള എട്ട് കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങളും സ്കൂബ ഡൈവിങ് സംഘവും പൊലീസും എമർജൻസി റെസ്ക്യൂ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്. ഒടുവിൽ വ്യാഴാഴ്ച അപകടത്തിൽപ്പെട്ട ലോറി ഡ്രൈവർ അബു താഹിറിന്റെ (40) മൃതദേഹം ഇന്നലെ രാവിലെ ഏഴോടെ കണ്ടെത്തി.

തിരുമിറ്റക്കോട് പഞ്ചായത്തിലെ ചാത്തന്നൂർ വടക്കേക്കര ചാലാച്ചി സ്വദേശി ചോലക്കൽ വീട്ടിൽ അബു താഹിറാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7.30നായിരുന്നു അപകടം. ക്വാറി നികത്തുന്നതിനായി മണ്ണ് കൊണ്ടുവന്ന ലോറി പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് ആഴമുള്ള വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. ലോറിയും ഡ്രൈവറും വെള്ളവും ചെളിയും നിറഞ്ഞ കരിങ്കൽക്കുളത്തിലേക്ക് താഴ്ന്നു.

ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിയതും ക്വാറിയിലെ വെള്ളത്തിന്റെ ആഴവും അടിത്തട്ടിലെ ചെളിയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായി. ഡ്രൈവറെ കണ്ടെത്താനുള്ള തിരച്ചിലിനൊപ്പം ലോറി പുറത്തെടുക്കാനുള്ള ശ്രമങ്ങളും തുടർന്നു. പട്ടാമ്പി, ഷൊർണൂർ, പെരിന്തൽമണ്ണ, മലപ്പുറം, പാലക്കാട്, കഞ്ചിക്കോട്, തൃശൂർ, കുന്നംകുളം എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങളെ ദൗത്യത്തിനായി അണിനിരത്തി. റീജനൽ ഫയർ ഓഫീസർ വി. സിദ്ധകുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.

ഷൊർണൂർ ഡിവൈഎസ്പി കെ.സി. വിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ക്വാറി പ്രവർത്തകരുടെയും പൊലീസിന്റെയും അഭ്യർഥനയെ തുടർന്ന് ഈരാറ്റുപേട്ടയിൽനിന്നുള്ള എമർജൻസി കേരള സംഘവും സ്ഥലത്തെത്തി. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ എത്തിയ സംഘം ചാലിശ്ശേരി പൊലീസിന്റെ നിർദേശപ്രകാരം ആറുമണിയോടെ വെള്ളത്തിനടിയിൽ തിരച്ചിൽ ആരംഭിച്ചു.

ചെളിയും എണ്ണയും കലർന്ന വെള്ളത്തിൽ കാഴ്ച വളരെ പരിമിതമായിരുന്നു. അടിത്തട്ടിൽ കാലുറപ്പിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയാണ് പരിശോധന നടത്തിയത്. ഇതിനിടെ ലോറിയുടെ ചില്ലിന്റെ കഷണങ്ങളും കണ്ടെത്തി.

ലോറി പുറത്തെടുക്കാനുള്ള ശ്രമം വ്യാഴാഴ്ച രാത്രി വൈകിയും തുടർന്നു. ഒടുവിൽ നാല് ക്രെയിനുകൾ എത്തിച്ചാണ് ഇന്നലെ പുലർച്ചെ രണ്ടോടെ വാഹനം വെള്ളത്തിൽനിന്ന് ഉയർത്തിയത്. എന്നാൽ കാബിനിൽ ഡ്രൈവറെ കണ്ടെത്താനായില്ല. ഇതോടെ തിരച്ചിൽ വീണ്ടും പ്രതിസന്ധിയിലായി.

പിന്നീട് രാവിലെ ഏഴോടെ സ്കൂബ ഡൈവിങ് സംഘം തിരച്ചിൽ പുനരാരംഭിച്ചു. ഇതിനിടെയാണ് വെള്ളത്തിൽ പകുതി പൊങ്ങിയ നിലയിൽ താഹിറിന്റെ മൃതദേഹം കണ്ടെത്തിയത്. ലോറി ക്വാറിയിലേക്ക് പതിക്കുന്നതിനിടെ താഹിർ കാബിനിൽനിന്ന് പുറത്തേക്ക് തെറിച്ചിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ചാലിശ്ശേരി പൊലീസ് കേസെടുത്തു.

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം കറുകപുത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. പിതാവ്: കുഞ്ഞാറമു. മാതാവ്: ബീവി. ഭാര്യ: ജിൻസി. മക്കൾ: അൻഹ ഫാത്തിമ, മുഹമ്മദ് ഹൈസിൻ, ഹേസ ഫാത്തിമ.

You may also like