Home Nationalരാംലീലാ മൈതാനത്ത് വൻ ശക്തിപ്രകടനത്തിന് ഇന്ത്യ സഖ്യം; 13,000 സുരക്ഷാസേനാംഗങ്ങൾ, 150 എഐ ക്യാമറകൾ

രാംലീലാ മൈതാനത്ത് വൻ ശക്തിപ്രകടനത്തിന് ഇന്ത്യ സഖ്യം; 13,000 സുരക്ഷാസേനാംഗങ്ങൾ, 150 എഐ ക്യാമറകൾ

by news_desk1
0 comments

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നവംബർ ഒന്നിന് രാംലീലാ മൈതാനത്ത് നടത്താനിരിക്കുന്ന റാലി വൻ ശക്തിപ്രകടനമാക്കാൻ കോൺഗ്രസും ഇന്ത്യ സഖ്യവും. റാലിക്ക് മുന്നോടിയായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. 3,000 ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും 10,000 അർധസൈനികരെയും വിന്യസിക്കാനാണ് തീരുമാനം. ജനക്കൂട്ടത്തെ നിരീക്ഷിക്കാൻ 150 അത്യാധുനിക നിർമിതബുദ്ധി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

അമ്പതിനായിരത്തോളം പേർ റാലിക്കെത്തുമെന്നാണ് ഡൽഹി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, പത്ത് ലക്ഷം പേരെ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യമെന്ന് കോൺഗ്രസ് രാജ്യസഭാംഗം നാസിർ ഹുസൈൻ വ്യക്തമാക്കി. ജന്തർ മന്ദിർ, പാർലമെന്റ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലേക്ക് പ്രതിഷേധക്കാർ കടക്കാതിരിക്കാൻ പ്രധാന റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. അടിയന്തര സാഹചര്യമുണ്ടായാൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ, സംസ്ഥാനതല ഭാരവാഹികൾ എന്നിവർ റാലിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് കോൺഗ്രസ് നേതൃത്വം നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസിനു പുറമെ സമാജ്‌വാദി പാർട്ടിക്കും ഇടതുപക്ഷ കക്ഷികൾക്കും റാലിയുടെ പ്രധാന ചുമതലകൾ നൽകിയിട്ടുണ്ട്. സുപ്രീം കോടതിയിലെ നിയമപോരാട്ടങ്ങൾക്കൊപ്പം തെരുവിലെ പ്രതിഷേധവും ശക്തമാക്കാനാണ് കോൺഗ്രസിന്റെ നീക്കം.

വോട്ടർപട്ടികയിലെ ക്രമക്കേടുകളും വോട്ട് വെട്ടിപ്പും സംബന്ധിച്ച് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഉന്നയിച്ച ആരോപണങ്ങളിൽ ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷികൾക്കും ഇപ്പോൾ പൂർണ ബോധ്യമുണ്ടെന്ന് നാസിർ ഹുസൈൻ പറഞ്ഞു. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിയിലൂടെ അംബേദ്കർ ഉറപ്പുനൽകിയ വോട്ടവകാശം ഇല്ലാതാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും പൗരത്വ പദവിയിലേക്കും നീക്കം നീളാമെന്നും അദ്ദേഹം ആരോപിച്ചു. വിഷയം ജനങ്ങൾക്കിടയിൽ സജീവമാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച ഡൽഹിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ മാതൃകാ പാർലമെന്റും സംഘടിപ്പിക്കും.

റാലി ചാന്ദ്‌നി ചൗക്ക് ഉൾപ്പെടെയുള്ള വ്യാപാരമേഖലകളിലെ കച്ചവടത്തെ ബാധിക്കില്ലെന്നാണ് നാസിർ ഹുസൈന്റെ വിശദീകരണം. ദീപാവലി കാലമായതിനാൽ റാലിക്കെത്തുന്നവർ സാധനങ്ങൾ വാങ്ങുന്നത് വ്യാപാരികൾക്ക് നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡൽഹിയിലെ വായുമലിനീകരണം റാലിക്ക് വെല്ലുവിളിയായേക്കും. നവംബർ ഒന്നുമുതൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ ഒന്നാംഘട്ട നിയന്ത്രണങ്ങൾ നിലവിൽ വരുന്നതും ബി.എസ്.-6 നിലവാരമില്ലാത്ത വാഹനങ്ങൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തുന്നതും വലിയ ജനക്കൂട്ടത്തെ ഡൽഹിയിലെത്തിക്കുന്നത് പ്രയാസകരമാക്കാം. സുരക്ഷാ ക്രമീകരണങ്ങൾക്കും മലിനീകരണ നിയന്ത്രണങ്ങൾക്കും ഇടയിൽ റാലി എത്രത്തോളം ജനപങ്കാളിത്തം നേടുമെന്നതും ശ്രദ്ധേയമാണ്.

You may also like