ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാൻ കേന്ദ്ര സർക്കാർ. ലൈസൻസിന് അപേക്ഷിക്കുന്നവർ ആരോഗ്യവിവരങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നും രക്തഗ്രൂപ്പും അടിയന്തരമായി ബന്ധപ്പെടേണ്ട വ്യക്തിയുടെ ഫോൺ നമ്പറും നിർബന്ധമായി നൽകണമെന്നും നിർദേശിക്കുന്ന കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. ലേണേഴ്സ് ലൈസൻസ് പരീക്ഷയിലെ വിജയമാർക്ക് 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്താനും നിർദേശമുണ്ട്.
കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ, 1989 ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ. അപേക്ഷകരുടെ ശാരീരികക്ഷമത സംബന്ധിച്ച സ്വയം പ്രഖ്യാപനത്തിൽ കൂടുതൽ ആരോഗ്യവിവരങ്ങൾ ഉൾപ്പെടുത്തും. മരുന്നുകളോടുള്ള അലർജി, ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള മെഡിക്കൽ ഉപകരണങ്ങൾ, ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഇംപ്ലാന്റുകൾ തുടങ്ങിയ വിവരങ്ങളും വെളിപ്പെടുത്തേണ്ടിവരും. റോഡപകടത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടാകുമ്പോൾ മാത്രമായിരിക്കും ഈ വിവരങ്ങൾ ഉപയോഗിക്കുകയെന്ന് കരട് വിജ്ഞാപനത്തിൽ പറയുന്നു.
അപസ്മാരമുള്ളവർ അപേക്ഷയിൽ രോഗാവസ്ഥ സംബന്ധിച്ച വിശദാംശങ്ങൾ നൽകണം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അപസ്മാരമുണ്ടായിട്ടുണ്ടോ, അതിനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളും വ്യക്തമാക്കേണ്ടിവരും. ഇത്തരം സാഹചര്യങ്ങളിൽ മെഡിക്കൽ അനുമതി ലഭിക്കില്ലെന്നും കരട് നിർദേശത്തിൽ പറയുന്നു. പുതിയ വാഹനവിഭാഗം ലൈസൻസിൽ ചേർക്കുന്നതിനും ലൈസൻസ് പുതുക്കുന്നതിനും പകർപ്പ് നേടുന്നതിനും നിർദേശങ്ങൾ ബാധകമാകും.
ലേണേഴ്സ് ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങളിലും മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിച്ചശേഷം റോഡ് അടയാളങ്ങൾ, ഗതാഗത നിയമങ്ങൾ, അപകടത്തിനുശേഷം ഡ്രൈവർ പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ എന്നിവ ഉൾപ്പെടുന്ന സുരക്ഷിത ഡ്രൈവിങ് സംബന്ധിച്ച ഓൺലൈൻ പരിശീലനം പൂർത്തിയാക്കണം. കുറഞ്ഞത് 30 മിനിറ്റ് ദൈർഘ്യമുള്ള പരിശീലനമാണിത്.
പരിശീലനം പൂർത്തിയാക്കിയശേഷം ഏഴ് ദിവസത്തിനുള്ളിൽ ലേണേഴ്സ് ലൈസൻസ് പരീക്ഷ എഴുതാം. പരീക്ഷയിൽ വിജയിക്കാൻ നിലവിലുള്ള 60 ശതമാനത്തിനു പകരം കുറഞ്ഞത് 75 ശതമാനം മാർക്ക് നേടണമെന്നാണ് നിർദേശം.
ഇവയെല്ലാം നിലവിൽ കരട് വിജ്ഞാപനത്തിലെ നിർദേശങ്ങളാണ്. അന്തിമ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ മാത്രമേ മാറ്റങ്ങൾ നടപ്പാക്കുകയുള്ളൂ.
