Home Keralaഫോണിൽ അപ്‌ഡേറ്റ് സന്ദേശം, പിന്നാലെ സ്‌ക്രീൻ കറുത്തു; അക്കൗണ്ടിൽനിന്ന് നഷ്ടമായത് 98,888 രൂപ

ഫോണിൽ അപ്‌ഡേറ്റ് സന്ദേശം, പിന്നാലെ സ്‌ക്രീൻ കറുത്തു; അക്കൗണ്ടിൽനിന്ന് നഷ്ടമായത് 98,888 രൂപ

by news_desk1
0 comments

കൊച്ചി: ഫോണിൽ അപ്‌ഡേറ്റ് ചെയ്യാനുള്ള സന്ദേശം ലഭിച്ചതിനു പിന്നാലെ സ്‌ക്രീൻ കറുത്തു; മിനിറ്റുകൾക്കകം ബാങ്ക് അക്കൗണ്ടിൽനിന്ന് നഷ്ടമായത് 98,888 രൂപ. ഓൺലൈൻ തട്ടിപ്പിനിരയായെന്ന് പരാതിയുമായി ഇടക്കൊച്ചി സ്വദേശി സുബിൻ രംഗത്ത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സുബിന്റെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത്. ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കെ അപ്‌ഡേറ്റ് സന്ദേശം പ്രത്യക്ഷപ്പെട്ടെന്നും അതിൽ ക്ലിക്ക് ചെയ്തതോടെ സ്‌ക്രീൻ പൂർണമായും കറുത്തുനിറമായെന്നും സുബിൻ പറയുന്നു. ഏകദേശം മൂന്ന് മിനിറ്റിനുശേഷം ഫോൺ തനിയെ ഓണായി. പിന്നാലെ ഗൂഗിൾ പേ വഴി പണം കൈമാറിയെന്ന സന്ദേശവും ലഭിച്ചു.

അസമിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയതെന്നാണ് വിവരം. അവിടെനിന്ന് വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായും സുബിൻ പറയുന്നു. പണം തിരിച്ചുപിടിക്കാൻ കഴിയില്ലെന്നാണ് പൊലീസ് അറിയിച്ചതെന്നും ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.

പണം നഷ്ടമായതിന് പിന്നാലെ ബാങ്ക് ജീവനക്കാർ വിളിച്ച് ഇടപാട് സുബിൻ തന്നെയാണോ നടത്തിയതെന്ന് അന്വേഷിച്ചിരുന്നു. ഇടപാട് സംശയാസ്പദമാണെന്ന് ബാങ്ക് ജീവനക്കാർക്കും തോന്നിയതായാണ് വിവരം. ബാങ്കിങ് ഇടപാടുകളൊന്നും നടത്തിക്കൊണ്ടിരിക്കെയല്ല ഫോണിൽ അപ്‌ഡേറ്റ് സന്ദേശം വന്നതെന്ന് സുബിൻ പറയുന്നു.

ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാകാം പണം നഷ്ടമാകാൻ കാരണമെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

പ്രിന്റിങ് പ്രസ്സിലെ ജീവനക്കാരനായ സുബിൻ അധ്വാനിച്ച് സമ്പാദിച്ച പണമാണ് നഷ്ടമായതെന്ന് പറയുന്നു. അക്കൗണ്ടിൽ ഇനി നാല് രൂപ മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

You may also like