Home Keralaചേരാനല്ലൂർ അപകടം: ‘ഔദ്യോഗിക ആവശ്യത്തിനല്ല ജഡ്ജി സ്റ്റേഷനിലെത്തിയത്’; റിപ്പോർട്ട് ഹൈക്കോടതിയിൽ, കർശന നടപടിക്ക് നീക്കം

ചേരാനല്ലൂർ അപകടം: ‘ഔദ്യോഗിക ആവശ്യത്തിനല്ല ജഡ്ജി സ്റ്റേഷനിലെത്തിയത്’; റിപ്പോർട്ട് ഹൈക്കോടതിയിൽ, കർശന നടപടിക്ക് നീക്കം

by news_desk1
0 comments

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ വാഹനത്തിന്റെ ആർ.സി. ഉടമയായ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനിലെത്തിയത് വീഴ്ചയെന്ന് റിപ്പോർട്ട്. ഔദ്യോഗിക ആവശ്യത്തിനല്ല ജഡ്ജി സ്റ്റേഷനിൽ പോയതെന്നും എത്തുന്നതിന് മുമ്പ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അനുമതി തേടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ലയുടെ ഭരണച്ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് ഹൈക്കോടതി രജിസ്ട്രിക്ക് റിപ്പോർട്ട് നൽകിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണനിർവഹണ സമിതി റിപ്പോർട്ട് പരിശോധിക്കും.

അപകടമുണ്ടാക്കിയ ബെൻസ് കാറിന്റെ ആർ.സി. സസ്പെൻഡ് ചെയ്യാനും ജഡ്ജിക്ക് മോട്ടോർ വാഹനവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകാനും നീക്കമുണ്ട്. അപകടത്തിൽപ്പെട്ട പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിലെത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. തന്റെ അറിവോടെയല്ല മകൻ വാഹനം ഓടിച്ചതെന്നാണ് ജഡ്ജി മൊഴി നൽകിയതെന്നാണ് വിവരം. പ്രായപൂർത്തിയാകാത്ത മകനെ വാഹനമോടിക്കാൻ അനുവദിച്ചതുമായി ബന്ധപ്പെട്ട് പിതാവിനെതിരെ നേരത്തേ മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്തിരുന്നു. മകന് 25 വയസ്സാകുന്നതുവരെ ലൈസൻസ് അനുവദിക്കാതിരിക്കാനുള്ള നടപടികളും മോട്ടോർ വാഹനവകുപ്പ് പരിഗണിക്കുന്നുണ്ട്.

കേസിൽ തുടർനടപടികൾ തീരുമാനിക്കാൻ എഡിജിപി പി. വിജയൻ ഇന്ന് കൊച്ചിയിലെത്തും. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ ആദ്യഘട്ടത്തിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെയും നടപടിയുണ്ടായേക്കും. ആർ.സി. ഉടമയായ ജഡ്ജിയെ പ്രതിചേർത്ത വിവരം ഹൈക്കോടതിയെ അറിയിക്കുമെന്നും സൂചനയുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തേ നിർദേശം നൽകിയിരുന്നു.

വൈകിട്ട് നാലുമണിക്കകം പൊലീസുകാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടങ്ങുമെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം അറിയിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച വാഹനമിടിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ പിതാവിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ കുടുംബം ഉറച്ചുനിൽക്കുകയാണ്.

ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ ചേരാനല്ലൂർ കണ്ടെയ്നർ റോഡിലായിരുന്നു അപകടം. പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ പതിനേഴുകാരനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് വ്യാപക വിമർശനത്തിനിടയാക്കി. ആഭ്യന്തരമന്ത്രിയുടെ അതൃപ്തിക്കു പിന്നാലെയാണ് പൊലീസ് നടപടികൾ കടുപ്പിച്ചത്. പിന്നീട് പതിനേഴുകാരനെതിരെ നരഹത്യാവകുപ്പും ചുമത്തി.

പതിനേഴുകാരൻ തന്റെ ഇൻസ്റ്റഗ്രാം പേജ് നീക്കം ചെയ്തതും ചർച്ചയായിട്ടുണ്ട്. മുമ്പ് വാഹനം ഓടിച്ചതിന്റെ തെളിവുകൾ നശിപ്പിക്കാനാണ് ഇതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

You may also like