മലപ്പുറം: മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ സമൂഹമാധ്യമത്തിൽ സ്റ്റാറ്റസ് പങ്കുവച്ച് ഒരു മണിക്കൂറിനകം അധ്യാപകൻ കാറിടിച്ച് മരിച്ചു. മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീൻ (36) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം. ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഷറഫുദ്ദീന്റെ ജീവൻ രക്ഷിക്കാനായില്ല.
പറപ്പൂർ സ്വദേശി അക്ബറലി മദ്യലഹരിയിൽ അമിതവേഗത്തിൽ കാർ ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. കാറിലുണ്ടായിരുന്ന രണ്ടുപേർ അപകടത്തിനു പിന്നാലെ ഓടിരക്ഷപ്പെട്ടു. അക്ബറലിയെ വേങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.
അപകടത്തിന് തൊട്ടുമുമ്പ് ഷറഫുദ്ദീൻ പങ്കുവച്ച സ്റ്റാറ്റസ് ഇങ്ങനെ: “മദ്യപിച്ച് വാഹനം ഓടിച്ചാൽ അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് ആളെ കൊല്ലുന്നവരാണ് അവർ.” കേരളത്തിൽ ദിവസേന 15 പേർ വാഹനാപകടങ്ങളിൽ മരിക്കുന്നുവെന്നും അതിൽ പകുതിയിലേറെയും വെറും അപകടങ്ങളല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
