കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ ആദ്യ ദിനത്തിൽ ഭക്ഷണവിതരണത്തിലുണ്ടായ ഗുരുതര വീഴ്ചയിൽ വലഞ്ഞ് വിദ്യാർഥികൾ. രാവിലെ മുതൽ കഠിനമായ വെയിലിൽ മത്സരങ്ങളിൽ പങ്കെടുത്ത് തളർന്നെത്തിയ കുട്ടികൾക്ക് കൃത്യസമയത്ത് ഭക്ഷണം ലഭിച്ചില്ലെന്ന പരാതിയാണ് ഉയരുന്നത്. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ചോറ് കിട്ടാതെ ചപ്പാത്തി മാത്രം കഴിച്ച് മടങ്ങേണ്ടിവന്നതായും വിദ്യാർഥികൾ പറയുന്നു.
കോഴിക്കോട് മുക്കത്ത് ആരംഭിച്ച കായികമേളയിൽ രാവിലെ ഏഴുമണിക്ക് പ്രഭാതഭക്ഷണം കഴിച്ച് മത്സരത്തിനിറങ്ങിയ കുട്ടികളാണ് ഉച്ചയോടെ ദുരിതത്തിലായത്. ഉച്ചയ്ക്ക് ഒന്നരയോടെ ഭക്ഷണശാലയിലെത്തിയപ്പോഴേക്കും ചോറ് പൂർണമായും തീർന്നിരുന്നു. തുടർന്ന് ലഭ്യമായ ചപ്പാത്തി മാത്രം നൽകി മടക്കിയെന്നാണ് പരാതി.
വെയിലിൽ മണിക്കൂറുകളോളം മത്സരിച്ച് ക്ഷീണിച്ചെത്തിയ കുട്ടികൾക്ക് ഭക്ഷണത്തിനായി ദീർഘനേരം കാത്തുനിൽക്കേണ്ടിവന്നത് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുണ്ടാക്കി. വിശപ്പടക്കാൻ ആവശ്യമായ ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യം വിദ്യാർഥികളിൽ പ്രതിഷേധത്തിനിടയാക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കായികപ്രതിഭകൾ പങ്കെടുക്കുന്ന പ്രധാന മേളയിൽ കുട്ടികളുടെ അടിസ്ഥാന ആവശ്യമായ ഭക്ഷണവിതരണത്തിൽ ഇത്തരമൊരു വീഴ്ചയുണ്ടായത് ഗുരുതരമായ അനാസ്ഥയാണെന്നാണ് ഉയരുന്ന വിമർശനം. വരും ദിവസങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭക്ഷണവിതരണം കാര്യക്ഷമമാക്കണമെന്നും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.
