കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് നിർണായക ദിനം. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയൻ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. പി. എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവരുടെ അപ്പീലുകളും കോടതിയുടെ പരിഗണനയ്ക്കെത്തും. വിജിലൻസ് അന്വേഷണം തുടരുന്നതിന് സുപ്രീം കോടതി ഏർപ്പെടുത്തിയ സ്റ്റേ തുടരുമോ എന്നതും ഇന്നത്തെ നടപടികളിൽ നിർണായകമാകും.
സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് ഡിവിഷൻ ബെഞ്ച് അപ്പീലുകൾ പരിഗണിക്കുന്നത്. സംസ്ഥാന വിജിലൻസിനോടും സിംഗിൾ ബെഞ്ചിൽ ഹർജി നൽകിയ കെ. എം. ഷാജഹാനോടും കോടതി മറുപടി തേടിയേക്കും. ഇ.ഡിയെയും എതിർകക്ഷിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തേ അപ്പീൽ പരിഗണിക്കാൻ അനുമതി നിഷേധിച്ച ഡിവിഷൻ ബെഞ്ചിനാണ് സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് വിഷയം വീണ്ടും പരിഗണിക്കേണ്ടിവരുന്നത്.
അഴിമതി നിരോധന നിയമപ്രകാരമുള്ള അനുമതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാതിരുന്ന സംസ്ഥാന സർക്കാരിനെയും വിമർശിച്ചിരുന്നു. ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അതിവേഗം എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെക്കുറിച്ചും കോടതി ചോദ്യങ്ങളുയർത്തി. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആരോപണവിധേയരുടെ ഭാഗം കേൾക്കേണ്ടതില്ലെന്ന ഇ.ഡിയുടെ വാദവും സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല. ഇ.ഡിയുടെ കത്തിൽ പ്രാഥമിക അന്വേഷണം നടത്തേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.
അപ്പീൽ മെറിറ്റിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കണമെന്നും നേരത്തേ അപ്പീലിന് അനുമതി നിഷേധിച്ച ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തു. സുപ്രീം കോടതി ഉത്തരവ് പിണറായി വിജയൻ ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വിജിലൻസ് അന്വേഷണം സംബന്ധിച്ച സ്റ്റേ തുടരണമോ എന്നതാണ് ഇപ്പോൾ പ്രധാനമായും ഉറ്റുനോക്കുന്നത്.
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനു പിന്നാലെ സംസ്ഥാന സർക്കാർ, ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ, പി. എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചു. വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി രണ്ട് ഇസിഐആറുകളും രജിസ്റ്റർ ചെയ്തു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നേരിട്ട് അന്വേഷണം ആരംഭിക്കുന്നതിന് സംസ്ഥാന ഏജൻസി അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്ന നിയമവ്യവസ്ഥയാണ് ഇ.ഡിക്ക് മുന്നിലുണ്ടായിരുന്ന തടസ്സം. വിജിലൻസിന്റെ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതോടെ ഈ തടസ്സം നീങ്ങിയതായാണ് ഇ.ഡിയുടെ വിലയിരുത്തൽ.
ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ 23ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് നോട്ടീസ് നൽകിയിരുന്നു. അദ്ദേഹം വീട്ടിലില്ലാതിരുന്ന സമയത്ത് എത്തിയ ഉദ്യോഗസ്ഥർ വീടിന് മുന്നിൽ നോട്ടീസ് പതിപ്പിച്ചാണ് മടങ്ങിയത്. നിയമസഭാ സമ്മേളനവും സുപ്രീം കോടതി ഉത്തരവും ചൂണ്ടിക്കാട്ടി അന്ന് ഹാജരാകാനാകില്ലെന്ന് പിണറായി വിജയൻ ഇ.ഡിയെ അറിയിച്ചിരുന്നു.
പിണറായി വിജയന്റെ മറുപടി പരിശോധിച്ചശേഷം ചോദ്യം ചെയ്യലിനായി പുതിയ തീയതി നിശ്ചയിച്ച് സമൻസ് നൽകാനുള്ള നീക്കത്തിലാണ് ഇ.ഡി. സുപ്രീം കോടതി ഉത്തരവ് അന്വേഷണം തുടരുന്നതിന് തടസ്സമല്ലെന്നാണ് ഇ.ഡിക്ക് ലഭിച്ച നിയമോപദേശമെന്നാണ് വിവരം.
