Home Keralaചേരാനല്ലൂർ അപകടം: ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ; 17കാരനെതിരെ ജാമ്യമില്ലാ വകുപ്പ്, ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റും

ചേരാനല്ലൂർ അപകടം: ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ; 17കാരനെതിരെ ജാമ്യമില്ലാ വകുപ്പ്, ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റും

by news_desk1
0 comments

ചേരാനല്ലൂർ (കൊച്ചി): ചേരാനല്ലൂർ വാഹനാപകടത്തിൽ ജഡ്ജിയുടെ മകനായ 17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡിജിപിയെ നേരിട്ട് വിളിച്ച് വിശദീകരണം തേടിയതിനു പിന്നാലെ കേസിൽ നരഹത്യാ വകുപ്പ് കൂടി ചുമത്തി. വാഹനത്തിന്റെ ഉടമസ്ഥനായ ജഡ്ജിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

അപകടത്തിനുശേഷം പ്രായപൂർത്തിയാകാത്ത പ്രതിയെ ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് ആഭ്യന്തരമന്ത്രി വിഷയത്തിൽ ഇടപെട്ടത്. കേസിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ഡിജിപിക്ക് നിർദേശം നൽകിയ മന്ത്രി, പ്രതിക്ക് ജാമ്യം ലഭിക്കാൻ ഏതെങ്കിലും തരത്തിലുള്ള സമ്മർദമുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കാൻ ആവശ്യപ്പെട്ടു. സമ്മർദത്തിന് വഴങ്ങിയിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

17കാരനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നാണ് വിവരം. തുടർന്ന് ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റാനാണ് നീക്കം. മിനി കൂപ്പർ അപകടക്കേസിലെ പ്രതി സുഹൈലിനെതിരെ ചുമത്തിയതിന് സമാനമായ വകുപ്പുകളാണ് ഈ കേസിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

അതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ച് ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് വിവിധ സംഘടനകൾ പ്രതിഷേധം നടത്തി. ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

ഞായറാഴ്ച പുലർച്ചെ 2.15നും 2.30നും ഇടയിലായിരുന്നു അപകടം. തട്ടുകടയിലെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണനാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തകർന്നതോടെ ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചുവീണു. സ്കൂട്ടറിലുണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങളും റോഡിൽ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ചു.

അപകടസമയത്ത് ശക്തമായ മഴയുണ്ടായിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നാണ് 17കാരൻ പൊലീസിന് മൊഴി നൽകിയതെന്നാണ് വിവരം.

You may also like