തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്സി) നടത്തിയ കൂടുതൽ പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എഎംവിഐ), വില്ലേജ് ഫീൽഡ് ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികകളിലേക്കുള്ള പരീക്ഷകൾക്കു പുറമേ സബ് ഇൻസ്പെക്ടർ പരീക്ഷയിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മൂന്ന് കേസുകൾ കൂടി നാളെ രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം.
പിഎസ്സി പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ചെയർമാൻ എം.ആർ. ബൈജു ഉൾപ്പെടെ 16 അംഗങ്ങളെ നീക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതിന് പിന്നാലെയാണ് കൂടുതൽ പരീക്ഷകളിലെ ക്രമക്കേടുകൾ പുറത്തുവരുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് പിഎസ്സി ചെയർമാനും അംഗങ്ങൾക്കുമെതിരെ ഗവർണർ ഇത്തരമൊരു ശുപാർശ നൽകുന്നത്.
പിഎസ്സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണെങ്കിലും അവരെ പദവിയിൽനിന്ന് നീക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. ഭരണഘടനയുടെ വ്യവസ്ഥകൾ പ്രകാരം രാഷ്ട്രപതി സുപ്രീംകോടതിയുടെ അഭിപ്രായം തേടുകയും അന്വേഷണ നടപടികൾ പൂർത്തിയാക്കുകയും ചെയ്ത ശേഷമേ നീക്കവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കാനാകൂ.
പിഎസ്സിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് രാജ്ഭവന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗം തയ്യാറാക്കിയ റിപ്പോർട്ടാണ് ഗവർണറുടെ ശുപാർശയ്ക്ക് ആധാരമായത്. ലോക്ഭവന്റെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ട് പിന്നീട് ഗവർണർക്ക് കൈമാറുകയായിരുന്നു. പരീക്ഷാ ക്രമക്കേടുകളിൽ കേസെടുത്ത സാഹചര്യവും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.
