Home Nationalഖാർഗെയുടെ വിവാദ പരാമർശം; കോൺഗ്രസിന് ജനങ്ങൾ മറുപടി നൽകുമെന്ന് അമിത് ഷാ

ഖാർഗെയുടെ വിവാദ പരാമർശം; കോൺഗ്രസിന് ജനങ്ങൾ മറുപടി നൽകുമെന്ന് അമിത് ഷാ

by news_desk1
0 comments

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങൾ സൃഷ്ടിച്ച നിരാശയാണ് കോൺഗ്രസിനെ ഇത്തരം അധിക്ഷേപങ്ങളിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഖാർഗെയുടെ പരാമർശം രാഷ്ട്രീയ മര്യാദകളുടെ ലംഘനമാണെന്നും കോൺഗ്രസിന് ജനങ്ങൾ തന്നെ മറുപടി നൽകുമെന്നും ഷാ മുന്നറിയിപ്പ് നൽകി.

മോദിയെയും കുടുംബത്തെയും കോൺഗ്രസ് ആവർത്തിച്ച് അധിക്ഷേപിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. പ്രധാനമന്ത്രിയുടെ മാതാവിനെ അപമാനിച്ചതും മോദിയെ ‘മരണത്തിന്റെ വ്യാപാരി’, ‘ചായക്കടക്കാരൻ’ എന്നിങ്ങനെ വിശേഷിപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ വ്യക്തമായ നയങ്ങളോ പരിപാടികളോ ഇല്ലാത്തതിനാൽ കോൺഗ്രസ് അപവാദപ്രചാരണത്തെ ആശ്രയിക്കുകയാണെന്നും ഷാ വിമർശിച്ചു.

ബിഹാറിലെ പട്നയിൽ ഡോ. ശ്രീകൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു ഖാർഗെയുടെ വിവാദ പരാമർശം. പ്രധാനമന്ത്രി നുണ പറയുന്നയാളാണെന്നും അധികാരത്തിലെത്തിയാൽ 100 ദിവസത്തിനുള്ളിൽ വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം എവിടെയെന്നും അദ്ദേഹം ചോദിച്ചു.

ഖാർഗെ സംസാരിക്കുന്നതിനിടെ, മോദി എവിടെയും പോകില്ലെന്ന് സദസ്സിലുണ്ടായിരുന്ന ഒരാൾ വിളിച്ചുപറഞ്ഞതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ഇതിന് മറുപടിയായി, “മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരും” എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. പിന്നാലെ മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചയാളെ സംഘാടകർ ഹാളിൽനിന്ന് പുറത്താക്കി.

You may also like