തിരുവനന്തപുരം: റിട്ടയേർഡ് സൈനിക ഉദ്യോഗസ്ഥൻ മേജർ രവിക്കെതിരെ ഉയർന്ന തൊഴിൽ തട്ടിപ്പ് ആരോപണങ്ങളിലും വിവാദ പ്രസ്താവനകളിലും കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്ര അന്വേഷണം നടത്തണമെന്ന് എക്സ്-സർവീസ്മെൻ വെൽഫെയർ ആൻഡ് റീഹാബിലിറ്റേഷൻ അസോസിയേഷൻ. സംഘടനാ പ്രസിഡന്റ് രാജേഷ് കുമാർ കേന്ദ്ര സർക്കാരിനും പ്രതിരോധ മന്ത്രാലയത്തിനും പരാതി നൽകി. ആരോപണങ്ങളിൽ വസ്തുത കണ്ടെത്തി നിയമലംഘനങ്ങൾ തെളിഞ്ഞാൽ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വിവിധ സ്കൂളുകളിൽ വിദ്യാർഥികൾക്കായി പരിശീലന പരിപാടികൾ സംഘടിപ്പിച്ചതും പരിശീലന അക്കാദമിയിൽ ചേർന്നാൽ ജോലി ലഭിക്കുമെന്ന് ഉറപ്പുനൽകിയതായുള്ള ആരോപണങ്ങളും അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ഇത്തരം വാഗ്ദാനങ്ങളുടെ പേരിൽ വിദ്യാർഥികളിൽനിന്നോ തൊഴിൽ അന്വേഷകരിൽനിന്നോ പണം ഈടാക്കിയിട്ടുണ്ടോയെന്നും ബന്ധപ്പെട്ട പരിശീലന സ്ഥാപനങ്ങൾക്കും റിക്രൂട്ട്മെന്റ് ഏജൻസികൾക്കും ഔദ്യോഗിക അംഗീകാരമുണ്ടോയെന്നും പരിശോധിക്കണം.
2026 ഒക്ടോബർ 19 മുതൽ 25 വരെ വിവിധ മാധ്യമങ്ങളിൽ മേജർ രവിയുടേതായി വന്ന അഭിമുഖങ്ങളും പ്രസ്താവനകളും അന്വേഷണവിധേയമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ദാവൂദ് ഇബ്രാഹിമിനെയും കേന്ദ്ര സർക്കാരിനെയും ബന്ധപ്പെടുത്തി നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട പരാമർശങ്ങളുടെ യാഥാർഥ്യവും പശ്ചാത്തലവും പരിശോധിക്കണം. യഥാർഥ അഭിമുഖങ്ങളും വീഡിയോ ദൃശ്യങ്ങളും സൂക്ഷ്മമായി പരിശോധിച്ചശേഷം മാത്രമേ നിഗമനത്തിലെത്താവൂ എന്നും പരാതിയിൽ പറയുന്നു.
സൈനിക സേവനത്തിന്റെ മഹത്വവും വിശ്വാസ്യതയും ചൂഷണം ചെയ്ത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തനങ്ങൾ തടയാൻ അടിയന്തര നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇത്തരം ആരോപണങ്ങൾ വിരമിച്ച സൈനികരുടെ അന്തസ്സിനും പൊതുസമൂഹത്തിലുള്ള വിശ്വാസ്യതയ്ക്കും കോട്ടം വരുത്തരുതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെടുന്ന രേഖകളും മാധ്യമ റിപ്പോർട്ടുകളും മറ്റ് തെളിവുകളും കൈമാറാൻ തയ്യാറാണെന്ന് രാജേഷ് കുമാർ അറിയിച്ചു. ആരോപണങ്ങൾ നിഷ്പക്ഷമായി പരിശോധിച്ച് വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും നിയമലംഘനങ്ങൾ തെളിയിക്കപ്പെട്ടാൽ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
