തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്കും പരിക്കേൽക്കുന്നവർക്കും നൽകുന്ന നഷ്ടപരിഹാരം 25 ശതമാനം വർധിപ്പിച്ച് സംസ്ഥാന സർക്കാർ. വന്യജീവി ആക്രമണത്തിൽ മരണം സംഭവിച്ചാൽ കുടുംബത്തിന് ഇനി 17.5 ലക്ഷം രൂപ ലഭിക്കും. നിലവിൽ നൽകിവന്നിരുന്ന 14 ലക്ഷം രൂപയാണ് ഉയർത്തിയത്. അംഗവൈകല്യം സംഭവിക്കുന്നവർക്കുള്ള ധനസഹായവും വർധിപ്പിച്ചിട്ടുണ്ട്.
വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് പരിക്കിന്റെ തീവ്രതയനുസരിച്ച് 1.25 ലക്ഷം രൂപ മുതൽ 3,12,500 രൂപ വരെ നഷ്ടപരിഹാരം നൽകും. നിസ്സാര പരിക്കുകൾക്ക് 12,500 രൂപ വരെ ലഭിക്കും.
പാമ്പുകടി, തേനീച്ചയുടെയോ കടന്നലിന്റെയോ കുത്ത് എന്നിവ മൂലം മരണം സംഭവിച്ചാൽ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരം നാല് ലക്ഷത്തിൽനിന്ന് അഞ്ച് ലക്ഷം രൂപയായും ഉയർത്തി.
വന്യജീവി ആക്രമണത്തിൽ 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിക്കുന്നവർക്ക് രണ്ട് ലക്ഷത്തിൽനിന്ന് 2.5 ലക്ഷം രൂപയായും 60 ശതമാനത്തിലധികം അംഗവൈകല്യമുള്ളവർക്ക് 2.5 ലക്ഷത്തിൽനിന്ന് 3,12,500 രൂപയായും ധനസഹായം വർധിപ്പിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ഒരു ലക്ഷം രൂപ വരെ അനുവദിക്കാനും സർക്കാർ ഉത്തരവിൽ വ്യവസ്ഥയുണ്ട്
