ആലപ്പുഴ: സി.പി.എം നേതാവ് പി. ജയരാജന്റെ വിമർശനങ്ങൾ തള്ളി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗത്തിന്റെയും പിന്നാക്ക വിഭാഗങ്ങളുടെയും വോട്ടുകൾ ലഭിച്ചതുകൊണ്ടാണ് സി.പി.എമ്മിന് കുറച്ചെങ്കിലും വിജയിക്കാനായതെന്നും അല്ലെങ്കിൽ പാർട്ടിക്ക് എന്തെങ്കിലും നേട്ടമുണ്ടാകുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, സി.പി.എമ്മുമായി തങ്ങൾക്ക് യാതൊരു അകൽച്ചയുമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പി. ജയരാജന്റെ വിമർശനങ്ങൾ താൻ ഗൗരവമായി കാണുന്നില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി, പാർട്ടിയെ നിരന്തരം വിമർശിച്ചാണ് അദ്ദേഹം മുന്നോട്ടുപോകുന്നതെന്ന് കുറ്റപ്പെടുത്തി. വിമർശനങ്ങൾ ആവർത്തിച്ച് ജയരാജന്റെ സ്വന്തം തട്ടകത്തിൽ പാർട്ടി എവിടെയെത്തിയെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പരിഹസിച്ചു.
എസ്.എൻ.ഡി.പി യോഗത്തിന്റെ വോട്ടുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തരത്തിൽ പറയാറില്ലെന്നും പാർട്ടിയിലെ ചിലർ മറ്റുള്ളവരെ ലക്ഷ്യമിട്ടാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സി.പി.എമ്മുമായി ബന്ധത്തിൽ അകൽച്ചയുണ്ടെന്ന വാദവും അദ്ദേഹം തള്ളി.
അതേസമയം, യു.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താൻ ഇപ്പോൾ സമയമായിട്ടില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ നിലപാട്. സർക്കാരിന് ഇപ്പോൾ മാർക്ക് നൽകാനായിട്ടില്ലെന്നും മൈനസ് മാർക്ക് ഇടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പിനെതിരായ വിമർശനങ്ങൾ സർക്കാരിന്റെ തുടക്കത്തിലെ ചില ബാലാരിഷ്ടതകൾ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസ് നേതാവ് കെ. മുരളീധരനെതിരെയും വെള്ളാപ്പള്ളി പരിഹാസമുയർത്തി. മുരളീധരൻ തുടക്കത്തിൽത്തന്നെ പുത്തരിയിൽ കല്ലുകടിച്ചുവെന്നായിരുന്നു പരാമർശം. സെക്രട്ടറിയെ മാറ്റാൻ ആദ്യം ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും ഇപ്പോൾ പരാജയപ്പെട്ട ശ്രമത്തെ ന്യായീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രായോഗികമായി ആലോചിച്ച് പ്രവർത്തിക്കേണ്ട കാര്യങ്ങളിൽ മുരളീധരന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ചില അപാകതകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. സർക്കാരിന്റെ തുടക്കമായതിനാൽ കുറച്ചുകൂടി കാത്തിരുന്ന് കാര്യങ്ങൾ വിലയിരുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
