കൊച്ചി: മൂന്ന് വിദ്യാർഥികളുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ നിർണായക ശബ്ദരേഖ ലഭിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. അപകടത്തെക്കുറിച്ച് പ്രതികൾ സുഹൃത്തുക്കളോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. അപകടത്തിൽ മൂന്നുപേർ മരിച്ച വിവരം പ്രതികൾ സുഹൃത്തുക്കളെ അറിയിച്ചെന്നും സംഭവത്തിനുശേഷം വാട്സ്ആപ്പ് സന്ദേശങ്ങൾ കൈമാറിയെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികളായ അമീനും ജോയലും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടണമെന്ന് സുഹൃത്ത് നിർദേശിച്ചതായാണ് പൊലീസിന്റെ വാദം. അപകടത്തിനുശേഷം സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെയാണെന്നും പൊലീസ് കോടതിയിൽ അറിയിച്ചു. വാഹനം സ്ഥിരമായി അമിതവേഗത്തിൽ ഓടിച്ചിരുന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ തെറ്റായ സന്ദേശം നൽകുമെന്നും ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ പൊലീസ് എതിർത്തു.
എന്നാൽ, പ്രതികളുടെ പേരുകൾ പ്രഥമ വിവര റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. സുഹൈലിന്റെ പേര് പരാമർശിക്കാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയതെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. സംഭവത്തിന്റെ അന്തിമഫലം നേരത്തേ തീരുമാനിച്ചിരുന്നതായും ഗൂഢാലോചന നടന്നതായും പ്രതിഭാഗം വാദിച്ചു.
അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളും നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. മുഖ്യപ്രതി സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന ജോയലിന്റെ ഫോണിൽനിന്നാണ് അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് പകർത്തിയ ദൃശ്യം ലഭിച്ചത്. ഇതിൽ കാറിന്റെ വേഗം 150 കിലോമീറ്ററാണെന്ന് വ്യക്തമാകുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.
കേസിൽ സുഹൈൽ സജീവ്, നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷകൾ നേരത്തേ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടി മദ്യത്തിന്റെ അംശം കണ്ടെത്തിയെന്ന ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രതികൾക്ക് പ്രായക്കുറവുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദത്തിനെതിരെ, 19 വയസ്സുള്ള ഇവർക്ക് കുറ്റത്തിന്റെയും അതിന്റെ പ്രത്യാഘാതങ്ങളുടെയും ഗൗരവം മനസ്സിലാക്കാൻ കഴിയുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഒക്ടോബർ 10ന് പുലർച്ചെ 12.30ഓടെയായിരുന്നു അപകടം. മദ്യലഹരിയിൽ സുഹൈൽ ഓടിച്ച മിനി കൂപ്പർ സ്കൂട്ടറിലിടിച്ചാണ് മൂന്ന് പേർ മരിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തിൽ തൽക്ഷണം മരിച്ചത്. തൃക്കാക്കരയിലെ കരകൗശല വിൽപ്പനശാലയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന വിദ്യാർഥികളായ ഇവർ സഹപ്രവർത്തകർക്കൊപ്പം രാത്രി ചായ കുടിച്ചശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
