തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ അനാവശ്യമായി ആൻജിയോപ്ലാസ്റ്റി നടത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് വിരുദ്ധമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. സ്വകാര്യ ആശുപത്രികളിൽ അനാവശ്യ ആൻജിയോപ്ലാസ്റ്റി നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു. എം.എൽ.എമാരായ പി.പി. സുമോദ്, വി.കെ. സനോജ് എന്നിവരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ആൻജിയോപ്ലാസ്റ്റിയുടെ പേരിൽ ചില സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവും രോഗികളിൽനിന്ന് ഈടാക്കുന്ന തുകയും സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് മന്ത്രിയുടെ വിശദീകരണം.
കോഴിക്കോട്ട് നടന്ന സ്വകാര്യ പരിപാടിയിലായിരുന്നു സ്വകാര്യ ആശുപത്രികളിൽ അനാവശ്യ ആൻജിയോപ്ലാസ്റ്റി നടക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം. പ്രസ്താവനയെ പിന്തുണച്ച് ചില ഡോക്ടർമാർ രംഗത്തെത്തിയപ്പോൾ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) ഇതിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചൂഷണം തടയുന്നതിനായി പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
