തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേട് കേസിൽ പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ സസ്പെൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് കേസിൽ പ്രതി ചേർത്തതിനു പിന്നാലെയാണ് നടപടി. പിഎസ്‌സിയിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കേസിലെ അന്വേഷണം മന്ദഗതിയിലാണെന്ന് ഹൈക്കോടതി നേരത്തേ വിമർശിച്ചിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും ചൂണ്ടിക്കാട്ടിയ കോടതി, എന്ത് അന്വേഷണമാണ് നടക്കുന്നതെന്ന് ചോദിച്ചു. പ്രതികളെ ചോദ്യം ചെയ്യുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും കോടതി നടപടികൾ തടസ്സമല്ലെന്നും നിരീക്ഷിച്ചു. ഇതിനു പിന്നാലെ അന്വേഷണം വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് എസ്ഐടി.
പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് 177 പരാതികളാണ് എസ്ഐടിക്ക് ലഭിച്ചത്. എന്നാൽ ഇതുവരെ ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തത്. വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യാൻ നീക്കമുണ്ട്. ഈ പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ച് ഉടൻ എഡിജിപിക്ക് റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
