ചെന്നൈ: ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥികളുടെ ഭക്ഷണ അലവൻസ് വർധിപ്പിച്ച് തമിഴ്നാട് സർക്കാർ. സ്കൂൾ വിദ്യാർഥികൾക്ക് പ്രതിമാസം 400 രൂപയുടെയും കോളേജ് വിദ്യാർഥികൾക്ക് 500 രൂപയുടെയും വർധനയാണ് അനുവദിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് അധിക സാമ്പത്തിക സഹായം ലഭിക്കുന്നതാണ് തീരുമാനം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം പ്രവർത്തിക്കുന്ന 1,363 ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. പുതുക്കിയ നിരക്കനുസരിച്ച് സ്കൂൾ വിദ്യാർഥികൾക്ക് ഇനി പ്രതിമാസം 1,800 രൂപ ലഭിക്കും. നേരത്തേ ഇത് 1,400 രൂപയായിരുന്നു. കോളേജ് വിദ്യാർഥികളുടെ അലവൻസ് 1,500 രൂപയിൽനിന്ന് 2,000 രൂപയായും ഉയർത്തി.
പദ്ധതിയുടെ ഭാഗമായി 19.51 കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. ഒരു അക്കാദമിക് വർഷത്തിൽ പത്തുമാസത്തേക്കാണ് ഭക്ഷണ അലവൻസ് നൽകുന്നത്. 2023ലാണ് ഇതിന് മുമ്പ് അലവൻസ് വർധിപ്പിച്ചത്.
