Home Nationalഒരാഴ്ചയ്ക്കിടെ രണ്ട് ജയിൽ ചാട്ടങ്ങൾ; തേനി സംഭവത്തിൽ നടപടി കടുപ്പിച്ച് മുഖ്യമന്ത്രി വിജയ്, ഡെപ്യൂട്ടി സൂപ്രണ്ടിന് സസ്‌പെൻഷൻ

ഒരാഴ്ചയ്ക്കിടെ രണ്ട് ജയിൽ ചാട്ടങ്ങൾ; തേനി സംഭവത്തിൽ നടപടി കടുപ്പിച്ച് മുഖ്യമന്ത്രി വിജയ്, ഡെപ്യൂട്ടി സൂപ്രണ്ടിന് സസ്‌പെൻഷൻ

by news_desk1
0 comments

ചെന്നൈ: ഒരാഴ്ചയ്ക്കിടെ തമിഴ്നാട്ടിലെ രണ്ട് ജയിലുകളിൽനിന്ന് തടവുകാർ രക്ഷപ്പെട്ട സംഭവങ്ങളിൽ നടപടി കടുപ്പിച്ച് മുഖ്യമന്ത്രി വിജയ്. തേനി ജില്ലാ ജയിലിൽനിന്ന് 17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തു. ജയിൽ ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റവും ഏർപ്പെടുത്തി. സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

2024 ഓഗസ്റ്റ് മുതൽ തേനി ജയിലിൽ സേവനമനുഷ്ഠിച്ചിരുന്ന ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് എൻ. രാമലിംഗത്തെയാണ് സുരക്ഷാ നിരീക്ഷണത്തിലും ജയിൽ ഭരണനിർവഹണത്തിലും വീഴ്ച വരുത്തിയെന്നാരോപിച്ച് സസ്‌പെൻഡ് ചെയ്തത്. 17 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും സുരക്ഷയും നിരീക്ഷണ സംവിധാനങ്ങളും കർശനമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.

തിങ്കളാഴ്ച രാത്രിയാണ് തേനി ജയിലിൽനിന്ന് 17 തടവുകാർ രക്ഷപ്പെട്ടത്. അപസ്മാരം ബാധിച്ചതായി ഒരാൾ അഭിനയിച്ച് വൈദ്യസഹായം ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇയാളെ സഹായിക്കാൻ സെൽ തുറന്ന ഗാർഡിനെ തടവുകാർ കീഴ്പ്പെടുത്തി മർദിച്ചെന്നാണ് വിവരം. തുടർന്ന് ജയിലിന്റെ പ്രധാന കവാടത്തിന്റെ താക്കോൽ കൈക്കലാക്കി പുറത്തുകടന്ന സംഘം സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ടു.

പിന്നീട് അരഞ്ഞാനൈപുതൂർ മേഖലയിൽനിന്ന് മോട്ടോർസൈക്കിളിൽ ഉത്തമപാളയത്തേക്ക് കടന്ന തടവുകാർ അമ്മച്ചിപുരത്ത് ഒരാളിൽനിന്ന് ഫോൺ വാങ്ങി ബന്ധുക്കളെയും കൂട്ടാളികളെയും ബന്ധപ്പെട്ടതായും വിവരമുണ്ട്. ഇവർക്ക് പണവും വസ്ത്രങ്ങളും വാഹനങ്ങളും ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

തടവുകാരെ കണ്ടെത്താൻ 17 പ്രത്യേക പൊലീസ് സംഘങ്ങൾ, അഞ്ച് പ്രത്യേക ദൗത്യസേനാ യൂണിറ്റുകൾ, തമിഴ്നാട് സ്പെഷ്യൽ പൊലീസിന്റെ നാല് ബറ്റാലിയനുകൾ എന്നിവയെ വിന്യസിച്ചു. പകൽസമയത്ത് ഡ്രോണുകൾ ഉപയോഗിച്ച് വനമേഖലയിലെ സംശയാസ്പദമായ സ്ഥലങ്ങളിലും പരിശോധന നടത്തി. രക്ഷപ്പെട്ടവരിൽ അഞ്ചുപേരെ ചൊവ്വാഴ്ച വൈകിട്ടും എട്ടുപേരെ ബുധനാഴ്ചയും പിടികൂടി കോടതിയിൽ ഹാജരാക്കി. ശേഷിച്ചവരെയും വ്യാഴാഴ്ച പിടികൂടി കോടതിയിൽ ഹാജരാക്കി. പിടിയിലായവരെ വിവിധ തീയതികളിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഇതിനിടെ, ചെന്നൈക്കു സമീപമുള്ള പുഴൽ അതീവ സുരക്ഷാ ജയിലിൽനിന്ന് ഒക്ടോബർ 20ന് രണ്ട് തടവുകാർ കൂടി രക്ഷപ്പെട്ടിരുന്നു. ഏഴ് പൊലീസ് സംഘങ്ങൾ നടത്തിയ തിരച്ചിലിനൊടുവിൽ രണ്ടു ദിവസത്തിനു ശേഷമാണ് ഇവരെ പിടികൂടിയത്. ഒരാഴ്ചയ്ക്കിടെ രണ്ട് ജയിൽ ചാട്ടങ്ങൾ ഉണ്ടായതോടെയാണ് സർക്കാർ നടപടികൾ ശക്തമാക്കിയത്. സംഭവങ്ങൾക്കു പിന്നാലെ തമിഴ്നാട് ജയിൽ ഡി.ജി.പി സന്ദീപ് റായ് റാത്തോറെ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വ്യാഴാഴ്ച സ്ഥലംമാറ്റിയിരുന്നു.

ജയിൽ ചാട്ടത്തിൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായതായി മന്ത്രി ആർ. നിർമൽ കുമാർ നേരത്തെ സമ്മതിച്ചിരുന്നു. ജയിലുകളിലെ സി.സി.ടി.വി നിരീക്ഷണം ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തേനി ജയിലിൽനിന്ന് രക്ഷപ്പെട്ട 17 തടവുകാരെയും പിടികൂടിയതോടെ ഇവരെ സംസ്ഥാനത്തെ അതീവ സുരക്ഷാ ജയിലുകളിലേക്ക് മാറ്റാനുള്ള നടപടികളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.

You may also like