തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ കേരളത്തിലെ പാർട്ടി സംവിധാനത്തിൽ കൂടുതൽ ഇടപെടലുകൾക്ക് ഒരുങ്ങി സിപിഐഎം കേന്ദ്ര നേതൃത്വം. തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായി നേതാക്കൾക്കിടയിൽ വിശദമായ ആഭ്യന്തര സർവേ നടത്താനാണ് തീരുമാനം. സംസ്ഥാനത്തെ സംഘടനാ വീഴ്ചകൾ, നേതാക്കളുടെ പ്രവർത്തനശൈലി, പ്രത്യയശാസ്ത്രപരമായ വ്യതിയാനങ്ങൾ, തീരുമാനങ്ങളിലെ പാളിച്ചകൾ എന്നിവ പരിശോധിക്കുന്ന 80ലേറെ ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയാണ് തയ്യാറാക്കിയിരിക്കുന്നത്. പാർലമെന്ററി വ്യാമോഹം സംബന്ധിച്ചും കേന്ദ്ര കമ്മിറ്റി അംഗങ്ങളോട് അഭിപ്രായം തേടിയിട്ടുണ്ട്.
കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ തന്നെ സംസ്ഥാന ഘടകത്തിൽ കേന്ദ്ര നേതൃത്വം ഇടപെടൽ ശക്തമാക്കിയിരുന്നു. വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേർന്നതും സംസ്ഥാന സെക്രട്ടേറിയറ്റിൽ മാറ്റങ്ങൾ വരുത്തിയതും ഇതിന്റെ ഭാഗമായിരുന്നു. എന്നാൽ ഇത്തരം യോഗങ്ങളും പുനഃസംഘടനാ നടപടികളുംകൊണ്ട് മാത്രം തെറ്റുതിരുത്തൽ പൂർത്തിയാകില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ചോദ്യാവലിയിലൂടെ നേതാക്കളുടെ അഭിപ്രായങ്ങളും സംഘടനയുടെ പ്രവർത്തനത്തിലെ പോരായ്മകളും വിശദമായി ശേഖരിക്കാൻ തീരുമാനിച്ചത്.
പാർട്ടി നേതാക്കൾക്കിടയിൽ പാർലമെന്ററി വ്യാമോഹം വർധിക്കുന്നുണ്ടോ, തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നിലെ കാരണങ്ങൾ എന്തെല്ലാമാണ്, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അധികാരകേന്ദ്രങ്ങളിലേക്ക് പാർട്ടി എത്തുന്ന രീതിയിൽ മാറ്റമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. അത്തരമൊരു പ്രവണത ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കാരണവും തിരുത്താനുള്ള മാർഗങ്ങളും നേതാക്കളോട് ആരായും.
ചോദ്യാവലിക്ക് ലഭിക്കുന്ന മറുപടികൾ വിലയിരുത്തിയശേഷം കൂടുതൽ തിരുത്തൽ നടപടികളിലേക്ക് കടക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കമെന്നാണ് വിവരം. അടുത്ത വർഷം അവസാനത്തോടെ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ, അതിനു മുമ്പ് പാർട്ടിയെ ശക്തമായ സംഘടനാ ചട്ടക്കൂടിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. വ്യക്തികേന്ദ്രീകൃതമായ പ്രവർത്തനരീതികൾ നിലനിൽക്കുന്നുണ്ടെങ്കിൽ അവ ഒഴിവാക്കി സംഘടനാ സംവിധാനത്തിന് പ്രാധാന്യം നൽകാനും ഈ നടപടികളിലൂടെ ശ്രമമുണ്ടാകും.
