കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരത്തിനിടെ വൈസ് ചാൻസലർ സിസ തോമസ് പ്രതികാരബുദ്ധിയോടെയാണ് പെരുമാറിയതെന്ന് ഗവേഷക വിദ്യാർഥി റിതിഷ. വിദ്യാർഥികളുടെ ആവശ്യങ്ങൾ കേൾക്കാൻ പോലും വിസി തയ്യാറായില്ലെന്നും പ്രതിഷേധത്തിനിടെ പൊലീസ് ക്രൂരമായി മർദിച്ചെന്നും റിതിഷ ആരോപിച്ചു. ലാത്തികൊണ്ട് നെഞ്ചിൽ കുത്തിയ പൊലീസുകാരുണ്ടെന്നും റിതിഷ പറഞ്ഞു.
വിദ്യാർഥികൾക്ക് കുടിവെള്ളം, സർട്ടിഫിക്കറ്റ് വിതരണം, അധ്യാപകരുടെ കുറവ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉൾപ്പെടെ 18 ഇന ആവശ്യങ്ങളുന്നയിച്ചാണ് ഓഗസ്റ്റിൽ സമരം ആരംഭിച്ചതെന്ന് റിതിഷ വിശദീകരിച്ചു. അധ്യയനവർഷം തുടങ്ങുന്നതിന് മുമ്പ് സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ഗസ്റ്റ് അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ടതും പ്രതിഷേധത്തിന് കാരണമായി. വിസി മാസത്തിലൊരിക്കൽ സിന്‍ഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാൻ മാത്രമാണ് സർവകലാശാലയിലെത്തുന്നതെന്നും വിദ്യാർഥികളുമായി സംവദിക്കാൻ തയ്യാറാകാറില്ലെന്നും റിതിഷ ആരോപിച്ചു.
വിസി സർവകലാശാലയിലെത്തുന്ന ദിവസം പ്രതിഷേധിക്കാനായിരുന്നു വിദ്യാർഥികളുടെ തീരുമാനം. സിന്‍ഡിക്കേറ്റ് യോഗം മുകളിലത്തെ നിലയിൽ പുരോഗമിക്കുമ്പോൾ വിദ്യാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെത്തി പ്രതിഷേധിച്ചു. രാത്രി 7.30 ആയിട്ടും ചർച്ചയ്ക്ക് വിളിക്കാത്തതിനെ തുടർന്ന് വിദ്യാർഥികളെ കേൾക്കാൻ വിസിക്ക് താൽപര്യമില്ലെന്ന് പൊലീസ് വഴി അറിയിക്കുകയായിരുന്നു.
പിന്നീട് പുറത്തേക്കുവന്ന വിസി പൊലീസിനോട് ‘മേക്ക് മൈ വേ’ എന്ന് പറഞ്ഞ് കയർത്തതായും റിതിഷ ആരോപിച്ചു. വിദ്യാർഥികളെ കേൾക്കാതെ പോകാൻ അനുവദിക്കില്ലെന്ന നിലപാടെടുത്തതോടെയാണ് പൊലീസ് ഇടപെട്ടത്. ലാത്തികൊണ്ട് നെഞ്ചിൽ കുത്തിയതുൾപ്പെടെ ക്രൂരമായ മർദനമാണ് നേരിട്ടത്. എന്നാൽ വിദ്യാർഥികൾ അന്ന് പൊലീസിനെതിരെ പരാതി നൽകിയില്ലെന്നും റിതിഷ പറഞ്ഞു.
പൊലീസ് സംരക്ഷണത്തിലാണ് അന്ന് വിസി മടങ്ങിയത്. പിറ്റേന്ന് കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് വിദ്യാർഥികൾക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. രണ്ട് ദിവസത്തിനുശേഷമാണ് ഗവർണറുടെ ഇടപെടലിനു പിന്നാലെ തന്നെ വിദ്യാർഥികൾ ആക്രമിച്ചെന്ന പരാതിയുമായി സിസ തോമസ് രംഗത്തെത്തിയതെന്നാണ് റിതിഷയുടെ വാദം. മുടിയിൽ പിടിച്ചുവലിക്കുകയും ഭിത്തിയിൽ ഇടിക്കുകയും ചെയ്തെന്നായിരുന്നു പരാതിയിലെ ആരോപണങ്ങൾ. എന്നാൽ ഇതിന് തെളിവുകളുണ്ടായിരുന്നില്ലെന്നും ആരും വിസിയെ ഉപദ്രവിച്ചിട്ടില്ലെന്നും റിതിഷ അവകാശപ്പെട്ടു.
പ്രതിഷേധം തുടർന്നതോടെ വിദ്യാർഥികൾക്കെതിരായ നടപടികൾ കടുപ്പിച്ചെന്നാണ് റിതിഷയുടെ ആരോപണം. സസ്പെൻഷനിലായ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെ ചോദ്യം ചെയ്ത് വിസി ഹൈക്കോടതിയെ സമീപിച്ചതും ഇതിന്റെ ഭാഗമാണെന്ന് അവർ പറഞ്ഞു.
സെപ്റ്റംബർ ഒന്നുമുതൽ 16 വിദ്യാർഥികളാണ് സസ്പെൻഷനിലുള്ളത്. ഇവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. സസ്പെൻഷന് കാലാവധി നിശ്ചയിച്ചിരുന്നില്ലെന്നും റിതിഷ ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വിസി ഉൾപ്പെട്ട സിന്‍ഡിക്കേറ്റ് നിയോഗിച്ച അന്വേഷണ കമ്മീഷനു മുന്നിൽ പോലും ആരോപണങ്ങൾക്ക് തെളിവ് ഹാജരാക്കാൻ സിസ തോമസിന് കഴിഞ്ഞിട്ടില്ലെന്നും റിതിഷ പറഞ്ഞു.
സസ്പെൻഷൻ കാരണം ഫെല്ലോഷിപ്പ് നിലച്ചതാണ് താൻ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നും റിതിഷ വ്യക്തമാക്കി. ഫെല്ലോഷിപ്പ് ലഭിക്കാൻ 80 ശതമാനം ഹാജർ നിർബന്ധമാണ്. സസ്പെൻഷനെ തുടർന്ന് ഹാജർ കുറഞ്ഞതിനാൽ തുകയ്ക്കായി അപേക്ഷിക്കാനാകുന്നില്ല. തനിക്കുണ്ടായിരുന്ന ഏക വരുമാനമാർഗവും ഇതോടെ നിലച്ചുവെന്നും കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ഗവേഷക വിദ്യാർഥികളിലൊരാളായ റിതിഷ പറഞ്ഞു.
