Home Keralaചേരാനല്ലൂർ വാഹനാപകടം: ജഡ്ജിക്കെതിരെ മരിച്ചയാളുടെ മകളുടെ പരാതി; തെളിവ് നശിപ്പിച്ചെന്നും അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപണം

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിക്കെതിരെ മരിച്ചയാളുടെ മകളുടെ പരാതി; തെളിവ് നശിപ്പിച്ചെന്നും അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപണം

by news_desk1
0 comments

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ കാർ ഓടിച്ച പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജഡ്ജിക്കെതിരെ പൊലീസിൽ പരാതി. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്. അപകടസ്ഥലത്ത് ജഡ്ജി 20 മിനിറ്റോളം ചെലവഴിച്ചെന്നും തെളിവുകൾ നശിപ്പിക്കുകയും അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുകയും ചെയ്തെന്നുമാണ് പരാതിയിലെ ആരോപണം.

അപകടം നടന്നതിന് പിന്നാലെ സ്ഥലത്തെത്തിയ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് കാറിലുണ്ടായിരുന്ന ഔദ്യോഗിക ബോർഡ് നീക്കം ചെയ്തതെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അപകടസ്ഥലത്തെ ജഡ്ജിയുടെ സാന്നിധ്യവും ഇടപെടലുകളും ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചുവരികയാണ്.

കേസന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ രണ്ടുതവണ ചോദ്യം ചെയ്തിട്ടുണ്ട്. പതിനേഴുകാരനുമായും അന്വേഷണസംഘം രണ്ടുതവണ അഭിമുഖം നടത്തി. നിലവിൽ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ച് വിലയിരുത്തുകയാണ് അന്വേഷണസംഘം.

പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കുറ്റമറ്റ രീതിയിൽ കേസ് ഡയറി തയ്യാറാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ജഡ്ജിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിലെയും മൊബൈൽ ഫോണിലെയും വിവരങ്ങൾ സൈബർ വിഭാഗം പരിശോധിക്കുന്നുണ്ട്. പരിശോധനയിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ജഡ്ജിയെ വീണ്ടും ചോദ്യം ചെയ്യാനും പതിനേഴുകാരനുമായി വീണ്ടും അഭിമുഖം നടത്താനും ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്.

You may also like