തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം മുൻ ചെയർമാൻ എം.കെ. സക്കീറിലേക്കും. തട്ടിപ്പ് നടന്നതായി സംശയിക്കുന്ന രണ്ട് പരീക്ഷകൾ സക്കീറിന്റെ കാലത്താണ് നടത്തിയതെന്ന കണ്ടെത്തലിനെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അദ്ദേഹത്തെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഖാദി ബോർഡ് ഇൻസ്പെക്ടർ പരീക്ഷകളിലാണ് ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരിക്കുന്നത്. നോട്ടീസ് നൽകി ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു എം.കെ. സക്കീർ.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ നിലവിലെ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ നേരത്തേ പ്രതി ചേർത്തിരുന്നു. പിഎസ്‌സി അംഗങ്ങളെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. ഇഷ്ടക്കാർക്ക് നിയമനം നൽകി പ്രതികൾ അന്യായ നേട്ടമുണ്ടാക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അധികാരദുർവിനിയോഗം നടത്തി യോഗ്യതയില്ലാത്തവർക്ക് നിയമനം നൽകിയെന്നും ഇതിലൂടെ പിഎസ്‌സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തിയെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
എം.കെ. സക്കീറിന്റെ കാലത്ത് നടന്ന പരീക്ഷയുമായി ബന്ധപ്പെട്ട കേസിലാണ് നിലവിലെ ചെയർമാനെ പ്രതി ചേർത്തിരിക്കുന്നത്. എം.ആർ. ബൈജുവിനെയും പിഎസ്‌സി അംഗങ്ങളെയും പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മൊഴികളിൽ വൈരുദ്ധ്യമുള്ളതിനാൽ ഇവരെ വീണ്ടും ചോദ്യം ചെയ്തേക്കും. ആസൂത്രണബോർഡ് പരീക്ഷയിൽ പിഎസ്‌സിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ സാങ്കേതിക പിഴവാണെന്നുമായിരുന്നു ചെയർമാന്റെ മൊഴി. ചോദ്യപ്പേപ്പർ തയ്യാറാക്കുന്നയാളെ തീരുമാനിക്കാനും അഭിമുഖത്തിനുള്ള അംഗങ്ങളെ നിർദേശിക്കാനും തനിക്ക് അധികാരമുണ്ടെന്നും അഭിമുഖത്തിന്റെ മാർക്ക് 40ൽനിന്ന് 25 ആക്കിയത് തന്റെ അധികാരപരിധിയിൽ വരുന്നതാണെന്നും അദ്ദേഹം മൊഴി നൽകിയിരുന്നു.
കേസിലെ അന്വേഷണം മന്ദഗതിയിലാണെന്ന് നേരത്തേ ഹൈക്കോടതി വിമർശിച്ചിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും ചൂണ്ടിക്കാട്ടിയ കോടതി, എന്ത് അന്വേഷണമാണ് നടക്കുന്നതെന്ന് ചോദിക്കുകയും ചെയ്തു. പ്രതികളെ ചോദ്യം ചെയ്യുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും കോടതി നടപടികൾ തടസ്സമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം വേഗത്തിലാക്കാൻ എസ്ഐടി നീക്കം ശക്തമാക്കിയത്.
അതിനിടെ, കേസിൽ ഒളിവിലായിരുന്ന പിഎസ്‌സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ കഴിഞ്ഞ ദിവസം എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. എറണാകുളത്തെ ബന്ധുവീട്ടിൽനിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ പി. സതീഷിനെ നേരത്തേ കോഴിക്കോട്‌വെച്ച് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ആദ്യ അറസ്റ്റായിരുന്നു ഇത്.
