ന്യൂഡൽഹി: അഭിഭാഷകരുമായുള്ള തർക്കത്തെത്തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പൊലീസുകാർ തെരുവിലിറങ്ങി. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നൂറോളം പൊലീസുകാരാണ് പ്ലക്കാർഡുകളും പോസ്റ്ററുകളുമേന്തി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചത്. സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം.
അഭിഭാഷകന് മർദനമേറ്റെന്ന പരാതിയെ തുടർന്നാണ് ഗാന്ധിനഗർ സബ്ഡിവിഷനിലെ അസിസ്റ്റന്റ് കമ്മിഷണർ മാനസ്വി വസിഷ്ഠയെയും ശാഹ്ദ്ര പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അരുൺ കുമാറിനെയും സ്ഥലംമാറ്റിയത്. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയിലെ അഭിഭാഷകർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു നടപടി. സ്ഥലംമാറ്റ ഉത്തരവുകൾ വന്നതോടെ അഭിഭാഷകർ സമരം പിൻവലിച്ചിരുന്നു.
എന്നാൽ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിനെതിരെ പൊലീസുകാർക്കിടയിൽ പ്രതിഷേധം ശക്തമായി. രാവിലെ എട്ടിന് പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധിക്കണമെന്ന് ആഹ്വാനം ചെയ്തുള്ള സന്ദേശങ്ങൾ പൊലീസുകാരുടെ വാട്സാപ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവിധ യൂണിറ്റുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ പ്രതിഷേധവുമായി എത്തിയത്.
റോഡരികിൽ ധർണ നടത്തുന്നതിനു പകരം പൊലീസ് ആസ്ഥാനത്തിനുള്ളിലെത്തി പൊലീസ് കമ്മിഷണറോട് പരാതികൾ ഉന്നയിക്കണമെന്ന് ഡെപ്യൂട്ടി കമ്മിഷണർ സച്ചിൻ ശർമ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ നിർദേശിച്ചു. ഇതോടെ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു.
പ്രതിഷേധം രൂക്ഷമായതോടെ പ്രശ്നം പരിഹരിക്കാൻ ലഫ്. ഗവർണർ തരൺജീത് സിങ് സന്ധു ഇടപെട്ടു. പൊലീസ് പ്രതിനിധികളുമായി അടുത്ത ദിവസം കൂടിക്കാഴ്ച നടത്താമെന്ന് അദ്ദേഹം അറിയിച്ചു. യോഗത്തിൽ പങ്കെടുക്കുന്നതിനായി എല്ലാ ജില്ലകളിൽനിന്നും മൂന്ന് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പേരുകൾ നിർദേശിക്കാൻ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച്, സ്പെഷൽ ബ്രാഞ്ച്, സ്പെഷൽ സെൽ, വിജിലൻസ്, പൊലീസ് അക്കാദമി, ആന്റി നർകോട്ടിക് ടാസ്ക്ഫോഴ്സ് എന്നീ വിഭാഗങ്ങളും പ്രതിനിധികളെ അയയ്ക്കണം.
