തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച പാങ്ങപ്പാറയിലെ അഭിറാം (17) വധക്കേസിൽ കസ്റ്റഡിയിലുള്ള മുഖ്യപ്രതിയായ 17കാരൻ കുറ്റം സമ്മതിച്ചു. കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തു ഞെരിച്ചാണ് അഭിറാമിനെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഭിറാമിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കൃത്യം ഒറ്റയ്ക്കാണ് ചെയ്തതെന്നും കൊലപാതകത്തിന് ശേഷം കാപ്പാ കേസ് പ്രതിയായ ഉമറിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നുമാണ് പതിനേഴുകാരന്റെ വെളിപ്പെടുത്തൽ.
മറ്റൊരു കുട്ടിയെ ലക്ഷ്യമിട്ട് അഭിറാം വഴി വിളിച്ചുവരുത്താൻ ശ്രമിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആസൂത്രിതമായി നടന്ന കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിലുണ്ട്. സംഭവത്തെക്കുറിച്ച് പൂർണ്ണ വിവരമുണ്ടായിരുന്ന പ്രായപൂർത്തിയായ പെൺകുട്ടിയെ കേസിൽ പ്രതി ചേർക്കാനും സാധ്യതയുണ്ട്. അതിനിടെ, ഞായറാഴ്ച വൈകുന്നേരം മുതൽ കാണാതായ അഭിറാമിനെക്കുറിച്ച് തിങ്കളാഴ്ച പരാതി നൽകിയിട്ടും പോലീസ് കാണിച്ച അനാസ്ഥയാണ് കൊലപാതകത്തിന് വഴിവെച്ചതെന്ന ആരോപണവുമായി കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കസ്റ്റഡിയിലുള്ള മറ്റൊരു പ്രതിയായ ഉമറിനെതിരെ ലഹരിക്കടത്തും മോഷണവുമടക്കം നിരവധി കേസുകൾ നിലവിലുണ്ട്. പ്രണയപ്പകയും തർക്കങ്ങളുമാണ് ഈ ദാരുണമായ അരുംകൊലയിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.
