Home Kerala‘ജയിലിൽ പോകുമ്പോൾ ഗുരുതര രോഗം, പുറത്തിറങ്ങിയാൽ ജോലിക്ക് പോകാൻ ആരോഗ്യം’; തച്ചങ്കരിക്കെതിരെ ഹൈക്കോടതിയുടെ വിമർശനം

‘ജയിലിൽ പോകുമ്പോൾ ഗുരുതര രോഗം, പുറത്തിറങ്ങിയാൽ ജോലിക്ക് പോകാൻ ആരോഗ്യം’; തച്ചങ്കരിക്കെതിരെ ഹൈക്കോടതിയുടെ വിമർശനം

by news_desk1
0 comments

കൊച്ചി: വിദേശത്ത് ജോലിയിൽ പ്രവേശിക്കുന്നതിനായി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഒരാൾക്ക് ജയിലിൽനിന്ന് പുറത്തിറങ്ങിയ ഉടൻ വിദേശത്ത് ജോലിക്ക് പോകാൻ കഴിയുമെന്ന വാദത്തിലെ വൈരുധ്യമാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ഒരാൾക്ക് എങ്ങനെ വിദേശത്ത് പോയി ജോലി ചെയ്യാനാകുമെന്ന് ജസ്റ്റിസ് എ. ബദറുദീൻ ചോദിച്ചു. ജയിലിൽ പോകുമ്പോൾ ഗുരുതര രോഗവും പുറത്തിറങ്ങിയാൽ സുഖവാസവുമാണ് പലരുടെയും രീതിയെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷത്തെ തടവിന് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചതിനെത്തുടർന്നാണ് തച്ചങ്കരിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിദേശത്തേക്ക് പോകരുതെന്നതായിരുന്നു പ്രധാന ജാമ്യവ്യവസ്ഥ. എന്നാൽ ഷാർജയിലെ ഒരു ജ്വല്ലറി ഗ്രൂപ്പിൽ ഓപ്പറേഷൻസ് മാനേജറായി ജോലി ചെയ്യുകയാണെന്നും ഉടൻ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് തച്ചങ്കരി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചത്. ദുബായിലെ ഒരു ഐടി കൺസൾട്ടൻസി സ്ഥാപനത്തിൽ പങ്കാളിയാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

കേസിന്റെ വിചാരണക്കാലത്ത് വിദേശത്തായിരുന്നിട്ടും കോടതി ആവശ്യപ്പെട്ട എല്ലാ ദിവസങ്ങളിലും ഹാജരായിട്ടുണ്ടെന്നും ജാമ്യവ്യവസ്ഥകൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്നുമാണ് തച്ചങ്കരിയുടെ വാദം. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചികിത്സ തേടിയ സാഹചര്യവും വിദേശത്ത് ജോലിക്ക് പോകാനുള്ള ഇപ്പോഴത്തെ ആവശ്യവും തമ്മിലുള്ള വൈരുധ്യമാണ് കോടതി ചോദ്യം ചെയ്തത്.

തച്ചങ്കരിയുടെ ചികിത്സാ വിവരങ്ങളും ജയിലിലും ആശുപത്രിയിലും ചെലവഴിച്ച ദിവസങ്ങളുടെ വിശദാംശങ്ങളും ഹാജരാക്കാൻ പൂജപ്പുര ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകി. ജസ്റ്റിസ് എ. ബദറുദ്ദീൻ പരിഗണിച്ച കേസ് ഈ മാസം ആറിന് വീണ്ടും പരിഗണിക്കും.

You may also like