Home International‘ആണവാക്രമണം വരുന്നു, ഒറെഷ്നിക് മിസൈൽ തൊടുത്തുവിട്ടു’; റഷ്യയിലും യുക്രെയ്നിലും ഭീതിപടർത്തി വ്യാജ മുന്നറിയിപ്പുകൾ

‘ആണവാക്രമണം വരുന്നു, ഒറെഷ്നിക് മിസൈൽ തൊടുത്തുവിട്ടു’; റഷ്യയിലും യുക്രെയ്നിലും ഭീതിപടർത്തി വ്യാജ മുന്നറിയിപ്പുകൾ

by news_desk1
0 comments

മോസ്കോ/കീവ്: ആണവാക്രമണം വരുന്നു, ഒറെഷ്നിക് മിസൈൽ തൊടുത്തുവിട്ടു! റഷ്യയിലെയും യുക്രെയ്നിലെയും ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് ഒരേസമയം എത്തിയത് ഭീതിയുണർത്തുന്ന സന്ദേശങ്ങൾ. എന്നാൽ ഇവയെല്ലാം വ്യാജമായിരുന്നു. ഇരുരാജ്യങ്ങളിലെയും ഔദ്യോഗിക അടിയന്തര മുന്നറിയിപ്പ് ആപ്പുകളും പൊതുമുന്നറിയിപ്പ് സംവിധാനങ്ങളും ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണമാണ് ഈ സന്ദേശങ്ങൾക്ക് പിന്നിലെന്ന് അധികൃതർ അറിയിച്ചു.

ആണവ, രാസായുധ ആക്രമണങ്ങൾ നടക്കുന്നതായി വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു ഹാക്കർമാർ വ്യാജ മുന്നറിയിപ്പുകൾ പ്രചരിപ്പിച്ചത്. യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇത്തരം സന്ദേശങ്ങൾ ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചു. സംഭവത്തിൽ പരസ്പരം പഴിചാരിയാണ് റഷ്യയും യുക്രെയ്നും രംഗത്തെത്തിയത്.

റഷ്യയിലെ അടിയന്തര മുന്നറിയിപ്പ് ആപ്പിൽ പ്രത്യക്ഷപ്പെട്ട സന്ദേശം ജനങ്ങളെ പരിഭ്രാന്തരാക്കി. യുക്രെയ്ന്റെ ആക്രമണ ഡ്രോണുകളിൽ ഘടിപ്പിച്ച ആണവ പോർമുനകൾ റഷ്യയിലെ എല്ലാ പ്രദേശങ്ങൾക്കും നേരെ തൊടുത്തുവിട്ടെന്നായിരുന്നു മുന്നറിയിപ്പ്. മൂന്ന് ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ അടിയന്തരമായി ശേഖരിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ ഒളിച്ചിരിക്കണമെന്നും സന്ദേശത്തിൽ നിർദേശിച്ചിരുന്നു.

യുക്രെയ്നിലും സമാനമായ രീതിയിൽ അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടു. എയർ റെയ്ഡ് മുന്നറിയിപ്പ് ആപ്പിലൂടെയും നഗരങ്ങളിലെ ലൗഡ് സ്പീക്കറുകളിലൂടെയും രാസ, ആണവ ആക്രമണ മുന്നറിയിപ്പുകൾ മുഴങ്ങി. റഷ്യയുടെ അതിവേഗ ഹൈപ്പർസോണിക് ‘ഒറെഷ്നിക്’ മിസൈൽ പ്രയോഗിച്ചെന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങളും പ്രചരിച്ചു. ഇത്തരം സന്ദേശങ്ങൾ പൂർണമായും അവഗണിക്കണമെന്ന് യുക്രെയ്ന്റെ സെന്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ജനങ്ങളോട് അഭ്യർഥിച്ചു.

സൈബർ ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്നാണ് യുക്രെയ്ന്റെ ഔദ്യോഗിക ആരോപണം. അതേസമയം, തങ്ങളുടെ അടിയന്തര മുന്നറിയിപ്പ് ആപ്പിന് നേരെ വലിയ സൈബർ ആക്രമണം ഉണ്ടായതായി റഷ്യയും സ്ഥിരീകരിച്ചു. വ്യാജവിവരങ്ങൾ പ്രചരിപ്പിക്കാൻ ഹാക്കർമാർ ആപ്പ് ദുരുപയോഗം ചെയ്തതായി റഷ്യൻ അത്യാഹിത മന്ത്രാലയം അറിയിച്ചു. എന്നാൽ ആപ്പ് താൽക്കാലികമായി പ്രവർത്തനരഹിതമായതൊഴിച്ചാൽ രാജ്യത്തെ പ്രധാന പൊതുമുന്നറിയിപ്പ് സംവിധാനങ്ങളെയോ സൈറണുകളെയോ ആക്രമണം ബാധിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ആപ്പിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ വിദഗ്ധർ ശ്രമം തുടരുകയാണെന്നും സ്ഥിതിഗതികൾ പൂർണ നിയന്ത്രണത്തിലാണെന്നും റഷ്യൻ അധികൃതർ അറിയിച്ചു. യുദ്ധം സൈനിക മേഖലയിൽ മാത്രമല്ല, ഡിജിറ്റൽ സംവിധാനങ്ങളിലും പുതിയ വെല്ലുവിളികൾ ഉയർത്തുന്നുവെന്നതിന്റെ സൂചനയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. വ്യാജ മുന്നറിയിപ്പുകളിലൂടെ ജനങ്ങളിൽ ഭീതി സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇരുരാജ്യങ്ങളിലും ആശങ്കയ്ക്കിടയാക്കിയത്.

You may also like