Home Top Storiesഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; 35 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം, എം.ജി. രാജമാണിക്യത്തിന് പകരം എൻ. പ്രശാന്ത്

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; 35 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം, എം.ജി. രാജമാണിക്യത്തിന് പകരം എൻ. പ്രശാന്ത്

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. വകുപ്പ് മന്ത്രിമാരുടെ നിർദേശങ്ങൾ പരിഗണിച്ച് 35 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. വൈദ്യുതി, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ സുപ്രധാന തസ്തികകളിലും മാറ്റമുണ്ട്. കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യത്തെ മാറ്റി എൻ. പ്രശാന്തിനെ നിയമിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനും പുതിയ ചുമതല നൽകി.

കായികവകുപ്പിന്റെ പ്രത്യേക ചുമതലയുള്ള എൻ. പ്രശാന്തിനാണ് പുതിയ കെഎസ്ഇബി ചെയർമാന്റെ ചുമതല കൂടി നൽകിയത്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശർമിള മേരി ജോസഫിനെ ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. വനിതാ-ശിശു വികസന വകുപ്പിന്റെ പൂർണ അധിക ചുമതലയും ഇവർക്കുണ്ട്.

കെ.ആർ. ജ്യോതിലാലിനെ ധനകാര്യ, നികുതി വകുപ്പുകളുടെ ചുമതലകളിൽനിന്ന് മാറ്റി ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ജലവിഭവം, ഭവനനിർമാണം, വ്യവസായവകുപ്പിന് കീഴിലെ കയർ എന്നീ വകുപ്പുകളുടെ പൂർണ അധിക ചുമതലയും നൽകി. ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മിഷണറായിരുന്ന പുനീത് കുമാറിനെ മാറ്റി വൈദ്യുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാക്കി.

മിൻഹാജ് ആലമിനെ ആഭ്യന്തര, വിജിലൻസ് വകുപ്പുകളിൽനിന്ന് മാറ്റി ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നികുതി വകുപ്പ്, പബ്ലിക് പ്രൊക്യുർമെന്റ് അഡ്വൈസറി വകുപ്പ്, റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാൻ എന്നീ ചുമതലകളും നൽകി.

വ്യവസായ, റവന്യൂ (വഖഫ്) വകുപ്പുകളുടെ ചുമതലയിലുണ്ടായിരുന്ന എ.പി.എം. മുഹമ്മദ് ഹനീഷിനെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആയുഷ്, പൊതുവിദ്യാഭ്യാസം, റവന്യൂ (വഖഫ്), ന്യൂനപക്ഷക്ഷേമം എന്നീ വകുപ്പുകളുടെ അധിക ചുമതലയും നൽകി.

ഡോ. എം. ബീന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റു. തദ്ദേശസ്വയംഭരണ വകുപ്പിൽനിന്ന് മാറ്റിയ അനുപമ ടി.വിയെ ധനകാര്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിൽനിന്ന് മാറ്റിയ ഡോ. വീണ എൻ. മാധവന് കൃഷിവകുപ്പ് സെക്രട്ടറിയുടെ ചുമതല നൽകി. ജിഎസ്ടി കമ്മിഷണറായിരുന്ന പി.ബി. നൂഹിനെ തൊഴിൽവകുപ്പ് പ്രത്യേക സെക്രട്ടറിയാക്കി.

ജലവിഭവം, ഭവനനിർമാണ വകുപ്പുകളുടെ ചുമതലയിലുണ്ടായിരുന്ന സുഹാസ് എസിനെ ഇലക്ട്രോണിക്സ്-വിവരസാങ്കേതിക വകുപ്പ് പ്രത്യേക സെക്രട്ടറിയായി നിയമിച്ചു. എക്സൈസ് കമ്മിഷണറുടെ ചുമതല തുടരുന്നതിനൊപ്പം ശ്രീറാം സാംബശിവ റാവുവിന് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് പ്രത്യേക സെക്രട്ടറിയുടെ ചുമതലയും നൽകി. ഫിഷറീസ് വകുപ്പിൽനിന്ന് മാറ്റിയ അബ്ദുൽ നാസർ ബിക്ക് സഹകരണ വകുപ്പ് പ്രത്യേക സെക്രട്ടറിയുടെ ചുമതല നൽകി. ഹരിത വി. കുമാറിനെ സാമൂഹ്യനീതി വകുപ്പ് പ്രത്യേക സെക്രട്ടറിയായി നിയമിച്ചു.

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ജഫർ മാലിക് കേരള സ്റ്റേറ്റ് ജിഎസ്ടി കമ്മിഷണറായി ചുമതലയേറ്റു. പരിസ്ഥിതി വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണൻ കെയെ ശാസ്ത്ര-സാങ്കേതിക, സാംസ്കാരിക വകുപ്പുകളുടെ പ്രത്യേക സെക്രട്ടറിയായി നിയമിച്ചു. ആരോഗ്യവകുപ്പിന് കീഴിലെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി സുഭാഷ് ടി.വിയെ നിയമിച്ചു. ടൂറിസം ഡയറക്ടറായിരുന്ന അഞ്ജന എമ്മിന് ദുരന്തനിവാരണ വകുപ്പ് പ്രത്യേക സെക്രട്ടറിയുടെ ചുമതല നൽകി. കേന്ദ്ര ഡെപ്യൂട്ടേഷനിൽനിന്ന് തിരിച്ചെത്തിയ ചന്ദ്രശേഖർ എസ്. ഫിഷറീസ്, ഹാർബർ എൻജിനീയറിങ് വകുപ്പുകളുടെ അഡീഷണൽ സെക്രട്ടറിയായി ചുമതലയേറ്റു.

മിൽമയുടെ മാനേജിങ് ഡയറക്ടറായി അഫ്സാന പർവീനെ നിയമിച്ചു. ന്യൂനപക്ഷക്ഷേമ ഡയറക്ടറായിരുന്ന ദേവീദാസ് എൻ. എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറായി. മിൽമ എംഡി സ്ഥാനത്തുനിന്ന് മാറ്റിയ ആസിഫ് കെ. യൂസഫിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ചുമതല നൽകി. ജിഎസ്ടി സ്പെഷൽ കമ്മിഷണറായിരുന്ന അനു കുമാരിയെ ടൂറിസം ഡയറക്ടറായി നിയമിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പിൽനിന്ന് മാറ്റിയ ഡി. ധർമലശ്രീയെ റവന്യൂ, ദുരന്തനിവാരണ വകുപ്പുകളുടെ ജോയിന്റ് സെക്രട്ടറിയും ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായി നിയമിച്ചു. ജിഎസ്ടി അഡീഷണൽ കമ്മിഷണറായിരുന്ന രാഹുൽ കൃഷ്ണ ശർമയെ കേരള സ്റ്റേറ്റ് ജിഎസ്ടി സ്പെഷൽ കമ്മിഷണറായി ഉയർത്തി നിയമിച്ചു. കോളേജിയറ്റ് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന സമീർ കിഷന് ജിഎസ്ടി അഡീഷണൽ കമ്മിഷണറുടെ ചുമതലയും നൽകി.

You may also like