Home Top Storiesഇൻസ്റ്റഗ്രാം സന്ദേശം ചതിക്കുഴിയായി; 17-കാരനെ കൊന്ന് ചാക്കിലാക്കി മരത്തിൽ കെട്ടിത്തൂക്കി, 17-കാരൻ പിടിയിൽ

ഇൻസ്റ്റഗ്രാം സന്ദേശം ചതിക്കുഴിയായി; 17-കാരനെ കൊന്ന് ചാക്കിലാക്കി മരത്തിൽ കെട്ടിത്തൂക്കി, 17-കാരൻ പിടിയിൽ

by news_desk1
0 comments

തിരുവനന്തപുരം: കാണാതായ പ്ലസ്ടു വിദ്യാർഥി അഭിറാമിന്റെ തിരോധാനത്തിന് പിന്നിൽ കൊലപാതകമെന്ന് സ്ഥിരീകരണം. പാങ്ങപ്പാറയിൽ ചാക്കിലാക്കിയ നിലയിൽ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ 17-കാരനായ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് ശ്രീകാര്യത്തെ വീട്ടിൽനിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് അഭിറാം ഇറങ്ങിയത്. വൈകിട്ട് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഉടൻ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ രാത്രി വൈകിയും വീട്ടിലെത്താതിരിക്കുകയും ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാങ്ങപ്പാറയിൽനിന്ന് അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് ലഭിച്ച സന്ദേശത്തെ തുടർന്നാണ് അഭിറാം വീട്ടിൽനിന്ന് ഇറങ്ങിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പെൺകുട്ടിയെ ഉപയോഗിച്ച് പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പ്രതിയും ഒരു പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നു. കൊല്ലപ്പെട്ട അഭിറാമിനും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കാൻ താൽപര്യമുണ്ടായിരുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കൊല്ലപ്പെട്ടയാളും പ്രതിയും 17 വയസ്സുകാരാണെന്നതാണ് സംഭവത്തിന്റെ ഞെട്ടിക്കുന്ന വശം. പ്ലസ്ടു പഠിക്കേണ്ട പ്രായത്തിലുള്ള പ്രതി പഠനം തുടരുന്നില്ലെന്നാണ് വിവരം. മോഷണമടക്കമുള്ള കേസുകളിൽ നേരത്തെയും ഇയാൾ പ്രതിയായിട്ടുണ്ടെന്നും സൂചനയുണ്ട്.

പ്രതി ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയതെന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്. ഒരാൾക്ക് ഒറ്റയ്ക്ക് കൊലപാതകം നടത്തി മൃതദേഹം ചാക്കിലാക്കി മരത്തിൽ കെട്ടിത്തൂക്കാൻ കഴിയുമോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. ചിലരെക്കുറിച്ച് പോലീസിന് സംശയമുള്ളതായും വിവരമുണ്ട്.

അഭിറാമിന്റെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തെങ്കിലും ആദ്യം കാര്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. അതേസമയം, മകനെ കണ്ടെത്തുന്നതിൽ പോലീസിന് വീഴ്ചയുണ്ടായെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തി. രാവിലെ മുതൽ ഇവർ പോലീസ് സ്റ്റേഷനിലുണ്ടായിരുന്നു.

You may also like