തിരുവനന്തപുരം: ലോക ഉത്തരവാദിത്വ ടൂറിസം രംഗത്തെ ഏറ്റവും പരമോന്നത വ്യക്തിഗത അംഗീകാരങ്ങളിലൊന്നായ ‘പയനിയറിംഗ് കോൺട്രിബ്യൂഷൻ ടു റെസ്പോൺസിബിൾ ടൂറിസം’ (Pioneering Contribution to Responsible Tourism) ആഗോള പുരസ്കാരം കേരള ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി സി.ഇ.ഒ കെ. രൂപേഷ് കുമാറിന്. ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം (ICRT Global) ഏർപ്പെടുത്തിയ 2026-ലെ ഈ അന്താരാഷ്ട്ര അവാർഡ്, ലണ്ടനിൽ സംഘടിപ്പിച്ച ചടങ്ങിൽ വിർച്വലായി അദ്ദേഹം ഏറ്റുവാങ്ങി.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കേരളത്തിലെ ടൂറിസം മേഖലയിൽ ഉത്തരവാദിത്വ ടൂറിസം ആശയങ്ങൾ വിജയിപ്പിക്കാനും, പ്രാദേശിക സമൂഹങ്ങളെ പങ്കെടുപ്പിച്ച് സുസ്ഥിര വികസനം സാധ്യമാക്കാനും നടത്തിയ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. ഈ അഭിമാനകരമായ നേട്ടം കേരളത്തിലെ ടൂറിസം മേഖലയ്ക്കും ഉത്തരവാദിത്വ ടൂറിസം മിഷനും ലഭിച്ച ആഗോള അംഗീകാരമാണെന്ന് രൂപേഷ് കുമാർ വ്യക്തമാക്കി. ജനകീയ പങ്കാളിത്തത്തോടെയുള്ള വിനോദസഞ്ചാര വികസനത്തിന് പിന്തുണ നൽകിയ ടൂറിസം മന്ത്രിമാർ, ഉദ്യോഗസ്ഥർ, ആർ.ടി മിഷൻ അംഗങ്ങൾ, പ്രാദേശിക കർഷകർ, വനിതാ സംരംഭകർ തുടങ്ങിയ എല്ലാവർക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.
