തിരുവനന്തപുരം: ജിഎൻഎ വൈദ്യുതി കരാർ വിവാദത്തിൽ സ്ഥാനമാറ്റത്തിന് തൊട്ടുമുമ്പും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി മുൻ കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം. കരാർ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും സമ്മർദമുണ്ടായിട്ടും കരാറിൽ ഒപ്പിടാൻ തയ്യാറായില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. രാജമാണിക്യത്തിന്റെ നിലപാടിനെ പിന്തുണച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫും രംഗത്തുണ്ടായിരുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് കരാറിനോടുള്ള വിയോജിപ്പ് വിശദീകരിച്ച് രാജമാണിക്യം കുറിപ്പ് നൽകിയത്. നവംബർ രണ്ടിന് ഉച്ചയ്ക്ക് മന്ത്രി സണ്ണി ജോസഫ് ഫയലിൽ രേഖപ്പെടുത്തിയ കുറിപ്പിലും കരാറിനെതിരെ ഗുരുതരമായ പരാമർശങ്ങളുണ്ട്. ജിഎൻഎയുടെ വൈദ്യുതി വിതരണ നിർദേശത്തിൽ നിയമപരിശോധന അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. കരാറുമായി ബന്ധപ്പെട്ട നിർണായക ഫയൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ടെൻഡർ നടപടികളില്ലാതെ ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടനിലക്കാരായ ജിഎൻഎയുമായി കരാറിൽ ഏർപ്പെടണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശമെന്നാണ് വിവരം. എന്നാൽ കരാർ അംഗീകരിച്ചാൽ സംസ്ഥാനത്തിന് 903 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നായിരുന്നു രാജമാണിക്യത്തിന്റെ വിലയിരുത്തൽ. പകരം ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
കേരളം വൈദ്യുതി പ്രതിസന്ധി നേരിട്ടിരുന്ന സമയത്ത് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലിനെത്തുടർന്നാണ് ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി എത്തിക്കാനുള്ള സംവിധാനം ഒരുക്കിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ആ കരാർ പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. വൈദ്യുതി ഉൽപാദിപ്പിക്കാത്ത ഇടനിലക്കാരായ ജിഎൻഎ പിന്നീട് സംസ്ഥാനത്തെ സമീപിക്കുകയായിരുന്നു. ഇരു നിർദേശങ്ങളും താരതമ്യം ചെയ്താണ് സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി രാജമാണിക്യം റിപ്പോർട്ട് നൽകിയത്.
ഹിമാചൽ പ്രദേശ് യൂണിറ്റിന് 12 രൂപ 50 പൈസ നിരക്കിലാണ് വൈദ്യുതി നൽകാമെന്ന് അറിയിച്ചത്. ജിഎൻഎയാകട്ടെ യൂണിറ്റിന് 8 രൂപ 63 പൈസ നിരക്കാണ് മുന്നോട്ടുവച്ചത്. എന്നാൽ പീക്ക് സമയത്ത് 500 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ജിഎൻഎ വാഗ്ദാനം ചെയ്തത്. കേരളത്തിന്റെ ആവശ്യത്തിന് ഇത് മതിയാകില്ലെന്നും ശേഷിക്കുന്ന വൈദ്യുതി ഉയർന്ന നിരക്കിൽ പുറത്തുനിന്ന് കണ്ടെത്തേണ്ടിവരുമെന്നും രാജമാണിക്യം ചൂണ്ടിക്കാട്ടി. പീക്ക് സമയത്ത് യൂണിറ്റിന് ഏകദേശം 20 രൂപ വരെ ചെലവാകുന്ന സാഹചര്യമുണ്ടാകുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ടായിരുന്നു.
അതേസമയം, ഹിമാചൽ കരാർ പ്രകാരം സംസ്ഥാനത്തിന് ആവശ്യമായ അളവിൽ വൈദ്യുതി യൂണിറ്റിന് 12 രൂപ നിരക്കിൽ ലഭ്യമാക്കാമെന്നതും രാജമാണിക്യം ചൂണ്ടിക്കാട്ടി. പകൽ സമയത്തും വൈദ്യുതി ക്ഷാമമില്ലെങ്കിലും ജിഎൻഎയിൽനിന്ന് 500 മെഗാവാട്ട് വാങ്ങേണ്ടിവരുമെന്ന വ്യവസ്ഥയും കരാറിലെ സാമ്പത്തിക ബാധ്യതയായി വിലയിരുത്തപ്പെട്ടു.
ഓരോ മാസവും ഉണ്ടാകാവുന്ന നഷ്ടം കണക്കുകൾ സഹിതം തയ്യാറാക്കി വൈദ്യുതി വകുപ്പിന് നൽകിയിരുന്നതായാണ് വിവരം. ഈ കണക്കുകൾ ബോധ്യപ്പെട്ടതോടെയാണ് മന്ത്രി സണ്ണി ജോസഫ് കരാറിൽനിന്ന് പിന്നോട്ടുപോകുന്ന നിലപാട് സ്വീകരിച്ചത്. എന്നാൽ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറിയപ്പോൾ അനുകൂല സമീപനമുണ്ടായില്ലെന്നാണ് വിവരം. ജിഎൻഎ കരാറാണ് സംസ്ഥാനത്തിന് ഗുണകരമെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിക്കുകയും എത്രയും വേഗം കരാർ അംഗീകരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
എന്നാൽ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുമെന്ന് താൻ തന്നെ റിപ്പോർട്ട് നൽകിയ കരാറിൽ കെഎസ്ഇബി ചെയർമാനെന്ന നിലയിൽ ഒപ്പിടാനാകില്ലെന്ന് രാജമാണിക്യം നിലപാടെടുത്തു. ഉന്നതതല സമ്മർദത്തിന് വഴങ്ങാത്തതാണ് അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റാനുള്ള കാരണമെന്ന സൂചനകളും നേരത്തേ പുറത്തുവന്നിരുന്നു. കരാറിൽ ഒപ്പിടാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് സ്ഥാനമാറ്റമുണ്ടായതെന്നാണ് ആരോപണം.
